വീട്ടുകാര് പോലും കൂടെ പോയിക്കാണില്ല; പോയാലെന്ത് പോയില്ലെങ്കിലെന്ത്?: റോജി

കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് നേതാക്കളുടെ പോക്ക് പാർട്ടിക്ക് ഗുണകരമാണെന്ന വാദമാണ് ഇരു കൂട്ടരും ഉയർത്തുന്നത്. മറുകണ്ടം ചാടിയ നേതാക്കളെ പരിഹസിച്ച് യുവകോൺഗ്രസ് എംഎൽഎമാരും സജീവമാണ്. ‘രാജിവെച്ച് പോകുന്ന 'ജനകീയ നേതാക്കളുടെ' സ്വന്തം ബൂത്തിൽ നിന്നോ കുടുംബത്തിൽ നിന്നു പോലുമോ കൂടെ ആരും പോയികാണില്ല. പിന്നെ ഇത്തരക്കാർ പോയാലെന്ത്, പോയില്ലെങ്കിൽ എന്ത്. സ്വയം പ്രഖ്യാപിത നേതാക്കളല്ല കോൺഗ്രസ്സ്. ഈ പ്രസ്ഥാനത്തെ ഒരു വികാരമായി കൊണ്ടു നടക്കുന്ന ആയിരക്കണക്കിന് സാധാരണ പ്രവർത്തകരാണ് ഈ പാർട്ടിയുടെ കരുത്ത്.’ റോജി എം. ജോൺ എംഎൽഎ കുറിച്ചു.

അതേസമയം കോൺഗ്രസ് തകരുന്ന കൂടാരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതാക്കൾ കോൺഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തകർച്ചയുടെ ഭാഗമായി നിൽക്കേണ്ടതില്ലെന്ന് കോൺഗ്രസിലുള്ളവർ ചിന്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഇപ്പോഴത്തെ പ്രത്യേക രീതിക്കിടയാക്കിയത്. കോൺഗ്രസ് വിടുന്നവർ ബിജെപിയിലേക്കു പോകും എന്നു കണ്ടപ്പോൾ അവരെ നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. 

എന്നാൽ, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിർക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികൾ തിരിച്ചറിഞ്ഞതാണ് ഇപ്പോൾ വന്ന ഗുണകരമായ മാറ്റം. പ്രധാന നേതാക്കൾ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്കു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.