കേന്ദ്രനിർദേശം അവഗണിച്ച് വനംവകുപ്പ്; കാട്ടുപന്നി പ്രതിരോധം റിപ്പോർട്ട് നൽകിയില്ല

കാട്ടുപന്നികളെ നശിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട്‌ നൽകണമെന്ന കേന്ദ്ര സർക്കാർ നിർദേശം അവഗണിച്ച് വനംവകുപ്പ്. ജുലൈ എട്ടിന് വനം പരിസ്ഥിതി മന്ത്രാലയം നൽകിയ നിർദ്ദേശം ഇതു വരെ പാലിച്ചില്ല. കർഷക സംഘടനകൾ കേന്ദ്രസർക്കാറിനെ സമീപിച്ചപ്പോഴാണ് ഇതിൻറെ വിശദാംശങ്ങൾ ലഭ്യമായത്.

കാട്ടുപന്നികൾ മലയോരത്തെ കൃഷി മുഴുവൻ നശിപ്പിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഇവയെ ക്ഷുദ്രജീവികളായി കണക്കിലെടുത്ത് നശിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവച്ചത്. ഈ വർഷം ജൂൺ 17ന് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകി.കേരളം 2020 ന് നവംബറിൽ നൽകിയ ആദ്യ ശുപാർശ വനം പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു. വന്യജീവി നിയമത്തിലെ ചില വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നായിരുന്നു കേന്ദ്രം ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള മറുപടി ഉൾപ്പെടുത്തിയാണ് ജൂണിൽ വീണ്ടും അപേക്ഷ നൽകിയത്.

ജൂലൈ എട്ടിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഫോറസ്റ്റ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മറുപടി അയച്ചു. 2011 മുതൽ തദ്ദേശ സ്ഥാപനങ്ങൾ വഴി കാട്ടുപന്നികളെ നശിപ്പിക്കാൻ കൈക്കൊണ്ട നടപടികൾ വിശദമാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്്. എന്നാൽ വനം വകുപ്പിലെ ചില ഉയർന്ന ഉദ്യോഗസ്ഥർ ഈ നിർദ്ദേശം ഉൾപ്പെടുന്ന കത്ത് മുക്കി.വനം മന്ത്രി യെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ പോലും ഈ വിവരം അറിയിച്ചില്ലെന്ന പരാതിയുമുയർന്നിട്ടുണ്ട്. മലയോര കർഷകർ നേരിടുന്ന വലിയൊരു പ്രതിസന്ധി ക്ക് പരിഹാരം കാണാൻ വീണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.ഇൻഡിപെൻഡന്റ് ഫാർമേഴസ് അസോസിയേഷൻ കേ‌ന്ദ്രസർക്കാറിനെ സമീപിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.