കണ്ണകിചരിതവുമായി ശിൽപ്പോദ്യാനം; കരിങ്കൽ ശിൽപങ്ങളുടെ കൗതുകക്കാഴ്ച

കണ്ണകിചരിതം പറയുന്ന കൂടുതല്‍ കരിങ്കല്‍ ശില്‍പ്പങ്ങളുമായി പാലക്കാട് വാളയാറിലെ ശില്‍പ്പോദ്യാനം. മൂന്ന് വനിതകളുള്‍പ്പെടെ പതിനേഴ് ശില്‍പ്പികളുടെ ഇരുപതിലധികം ദിവസം നീണ്ട പരിശ്രമം പതിനേഴ് കൗതുകങ്ങള്‍ കൂടിയാണ് സമ്മാനിച്ചത്. അഹല്യ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനത്തിലേക്ക് ഓരോ ദിവസവുമെത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടുകയാണ്. 

ഓരോ ശില്‍പ്പങ്ങളുടെ പിറവിക്ക് പിന്നിലും അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയുണ്ടാകും. നിറവും നീറ്റലും നിണം മണക്കുന്ന ചരിതവുമെല്ലാം കല്ലുകളില്‍ ശില്‍പ്പികള്‍ കൊത്തിവയ്ക്കും. കോവിലന്റെ വേര്‍പാട് താങ്ങാനാവാതെ മഥുരാപുരിയെ അഗ്നിക്കിരയാക്കിയ കണ്ണകിയ്ക്ക് ഭാവങ്ങള്‍ നിരവധിയാണ്. അഹല്യയിലെ ശില്‍പോദ്യാനം അതെല്ലാം അടയാളപ്പെടുത്തുകയാണ്. പ്രകൃതിയുടെ പച്ചപ്പും ചാറ്റല്‍മഴയില്‍ ശില്‍പ്പങ്ങളിലേക്ക് ഊര്‍ജം നിറയുന്ന കാഴ്ച അനുഭവവും ആരെയും ആകര്‍ഷിക്കും. വൈകുന്നേരങ്ങളില്‍ കാറ്റേറ്റ് കാഴ്ച കാണാനെത്തുന്നവര്‍ക്ക് പതിനേഴ് വൈവിധ്യങ്ങള്‍ കൂടി കണ്ട് മടങ്ങാം. 

പതിനേഴ് ശില്‍പ്പികളാണ് സ്ത്രൈണം വിഷയമാക്കി ഇരുപതിലധികം ദിവസം നീണ്ട ക്യാംപില്‍ പങ്കെടുത്ത് കല്ലില്‍ കരവിരുതറിയിച്ചത്. മൂന്ന് വനികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഡിസംബറോടെ ശില്‍പോദ്യാനം കൂടുതല്‍ വിസ്തൃതിയിലെത്തും. ചരിത്രവും കൗതുകവും ഒത്തുചേരുന്ന സാംസ്ക്കാരിക ഇടമായി മാറും.