അര്‍ഹമായ പെന്‍ഷനില്ല; ജീവിതം വഴിമുട്ടി കെബിപിഎസ് മുന്‍ജീവനക്കാര്‍

അര്‍ഹമായ പെന്‍ഷന്‍ തടഞ്ഞുവച്ച് പറ്റിച്ചതോടെ ജീവിതം വഴിമുട്ടി കേരള ബുക്ക് ആന്‍റ് പബ്ലിക്കേഷനില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍. ഉത്തരവുണ്ടായിട്ടും അനുകൂല്യങ്ങള്‍ നല്‍കാന്‍ കമ്പനി തയാറാകാത്ത സാഹചര്യത്തില്‍ പലര്‍ക്കും ചികില്‍സപോലും വഴിമുട്ടി. പൂര്‍ണപെന്‍ഷന്‍ തടയുന്ന മാനേജ്മെന്റിന് ദുഷ്ടലാക്കാണുള്ളതെന്ന് മുന്‍ ജീവനക്കാര്‍ ആരോപിക്കുന്നു.

വര്‍ഷങ്ങളായി കിടപ്പിലായിട്ട്. അര്‍ഹിച്ച ആനുകൂല്യവും തിരസ്കരിക്കപ്പെട്ടതോടെ ദുരിതമായതാണ്. ഇത് ഒരുസാഹചര്യം. അതിദുരിതംപേറുന്നവര്‍ ഇനിയുമെറെയുണ്ട്.  കെ.ബി.പി.എസ്.പെന്‍ഷന്‍ പദ്ധതി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പരാതികളും സമരവുമൊക്കെയായി മുന്‍ ജീവനക്കാര്‍ നിര്‍ത്താത്ത സമരമാര്‍ഗമെടുത്തപ്പോള്‍ പത്തുശതമാനം മാത്രം പെന്‍ഷന്‍ നല്‍കി കമ്പനിയുടെ പറ്റിക്കല്‍ തുടരുകയാണ്. ഇതിനിടെ അനൂകൂല്യങ്ങളൊന്നും കിട്ടാതെ പത്തുപേര്‍ മരിച്ചു. പലരും അവശവഴിയിലാണ്. ജീവിച്ചിരിക്കുമ്പോഴാണ് കൈത്താങ്ങുവേണ്ടതെന്ന് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ ഓര്‍മിപ്പിക്കുന്നു.