കരിപ്പൂർ വിമാനാപകടം; ചികിത്സാ സഹായം നിർത്തും; കത്തയച്ച് എയർ ഇന്ത്യ

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് വഹിക്കുന്നത് എയര്‍ ഇന്ത്യ നിര്‍ത്തുന്നു. കമ്പനി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക അംഗീകരിക്കാത്തവര്‍ക്കാണ്, ഒരുമാസം കൂടിയേ ചികില്‍സ ചെലവ് നല്‍കുകയുള്ളുവെന്ന് കാണിച്ചുള്ള കമ്പനിയുടെ  കത്ത് ലഭിച്ചത്. ഇതോടെ അപകടത്തില്‍പെട്ടവരുടെ തുടര്‍ചികില്‍സ പ്രതിസന്ധിയിലാകും.   

ഇത് നാദാപുരം സ്വദേശി അഷറഫ്. അപകടത്തില്‍ വലതുകാലിന് സാരമായി പരുക്കേറ്റു. ഒരുവര്‍ഷമായി  ചികില്‍സ  തുടരുന്ന അഷറഫിന് ഇപ്പോഴും നടക്കാന്‍ സഹായം വേണം.പതിനഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ സ്വരുക്കൂട്ടിയതെല്ലാം അപകടത്തില്‍ നഷ്ടമായി. ചികില്‍സ ചെലവ് എയര്‍ ഇന്ത്യ ഏറ്റെടുത്തതായിരുന്നു ഇതുവരെയുള്ള ആശ്വാസം. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നതായി  അറിയിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക അംഗീകരിക്കാത്ത 84 പേരുടെ കൂട്ടത്തിലാണ് അഷറഫുള്ളത്.

മുപ്പത് ദിവസം കൂടി മാത്രമേ  ഇനി ചികിത്സാ ചിലവ് വഹിക്കൂവെന്നാണ് കത്തിലെ അറിയിപ്പ്. തുടര്‍ ചികിത്സയുടെ ചിലവ് കൂടി കൂട്ടിയാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു. നഷ്ടപരിഹാരത്തുക അംഗീകരിച്ചവരുടെ ചികില്‍സ ചെലവ് നേരത്തെ നിര്‍ത്തിയിരുന്നു. എന്നാല്‍ വരുമാനമാര്‍ഗം പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ എന്തുചെയ്യുമെന്നാണ് അഷ്റഫിനെ പോലെയുള്ളവര്‍ ചോദിക്കുന്നത്. കമ്പനിയുടെ തീരുമാനത്തിനെതിരെ സമരത്തിനിറങ്ങുമെന്ന് മലബാര്‍ ഡവലപ്മെന്റ് ഫോറം വ്യക്തമാക്കി.