കരിപ്പൂരിന്‍റെ നടുവൊടിച്ച ദുരന്തത്തിന് ഒരാണ്ട്; റിപ്പോർട്ട് സമർപ്പിക്കാതെ വിദഗ്ദ സമിതി

കരിപ്പൂരില്‍ വിമാനാപകടം നടന്നിട്ട് നാളേയ്ക്ക് ഒരു വര്‍ഷം. 21 പേര്‍ മരിക്കുകയും 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അപകടത്തിന്‍റെ യഥാര്‍ഥകാരണം പോലും ഇതുവരേയും പുറത്തുവന്നിട്ടില്ല. വ്യോമയാന മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനിശ്ചിതമായി നീളുന്നത് വിമാനത്താവളത്തെ തന്നെ ബാധിച്ചു കഴിഞ്ഞു.

രാത്രി 7.41 നാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ദുബായില്‍ നിന്ന് കരിപ്പൂരില്‍ പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസിസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്നോട്ടു നീങ്ങി 40 അടി താഴ്ചയുളള ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്‍റെ ആഘാതം കുറച്ചത്. നിമിഷം പോലും കളയാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 21 പേരെ മാത്രം മരണത്തിനു വിട്ടുകൊടുത്ത് 169 പേരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

രക്ഷാദൗത്യം അഭിമാനകരമായപ്പോഴും അപകടത്തിനു ശേഷം കരിപ്പൂരിന് ഏറ്റതെല്ലാം തിരിച്ചടികളാണ്. വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചു. വിമാന അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തത് വലിയ വിമാനങ്ങളുടെ വരവു മുതല്‍ അപകടത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാരത്തെ വരെ ബാധിക്കും. അപകടത്തിനു ശേഷം വലിയ വിമാനങ്ങളുടെ വരവു കുറഞ്ഞത് കരിപ്പൂരിനെ ക്ഷീണിപ്പിച്ചതിനൊപ്പം കാര്‍ഗോ കയറ്റുമതിയേയും ദോഷകരമായി ബാധിച്ചു.