സൗഹൃദത്തിന്‍റെ പച്ചപ്പുമായി ക്ലാസ്മേറ്റ്സ് ഫാം; സഹപാഠികളുടെ ഉദ്യമം

സ്കൂള്‍ പഠനകാലത്തെ സൗഹൃദത്തിന്റെ പച്ചപ്പ് മൂന്നര പതിറ്റാണ്ടിനിപ്പുറം കാര്‍ഷിക മേഖലയിലേക്ക് പറിച്ചു നട്ടതിന്റെ ഫലമാണ് പാലക്കാട് ഒറ്റപ്പാലത്തെ ക്ലാസ്മേറ്റ്സ് ഫാം. പൊതുപ്രവര്‍ത്തകന്റെയും മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെയും നാട്യങ്ങളില്ലാതെ പഴയ സഹപാഠികള്‍ ഇവിെട തിരക്കിലാണ്. ചുനങ്ങാട് മുട്ടിപ്പാലത്തെ പച്ചപ്പും, കൃഷിയിലെ വൈവിധ്യം നിറഞ്ഞ പകിട്ടും മാതൃകയാണ്. 

ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യു.രാജഗോപാലാണ് ഒന്നാമത്തെ കൂട്ടുകാരന്‍. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായ ഹരിശങ്കറാണ് കഥയിലെ മറ്റൊരാള്‍. ഇരുവരും ചേര്‍ന്നൊരുക്കിയ സമ്മിശ്ര കൃഷി കാര്‍ഷിക മേഖലയിലെ പരീക്ഷണശാലയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഒന്നരയേക്കറില്‍ തീറ്റപ്പുല്ല്. ദിവസവും ശരാശരി നൂറ്റി മുപ്പത് ലീറ്റര്‍ പാല്‍ ലഭിക്കുന്ന പതിനൊന്ന് പശുക്കള്‍. മൂന്ന് കുളങ്ങളിലായി മല്‍സ്യക്കൃഷി. റബ്ബര്‍ തോട്ടം, നാടന്‍ അലങ്കാര കോഴികളുടെ ഫാം, അടുക്കളത്തോട്ടം. അങ്ങനെ ഇവിടെ എല്ലാമുണ്ട്. ഇതിന് പുറമെയാണ് പാലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നമെന്ന നിലയില്‍ പനീര്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനം. 

യൂണിറ്റ് വ്യാവസായിക അടിസ്ഥാനത്തിലാക്കി മാറ്റാനും ആട് ഫാം തുടങ്ങാനുമുള്ള ശ്രമങ്ങളുണ്ട്. ചുനങ്ങാട് ഹൈസ്കൂളില്‍ 1982 1983 ബാച്ച് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. അടുത്തകാലത്താണ് വാട്സ്ആപ്പ് വഴി സൗഹൃദം ദൃഢമായതും കൃഷിയെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപപ്പെട്ടതും. സഹായത്തിന് രണ്ട് ജീവനക്കാരുണ്ട്. രാജഗോപാലിന്റെ പഴയ തറവാട് വീടാണ് ഓഫിസ്. പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമാണ് ഇരുവരും ഇതിനകം കൃഷിക്കായി ഇറക്കിയത്.