അവഗണന തുടർന്നാൽ സമരം ശക്തമാക്കും; വഞ്ചനാദിനം ആചരിച്ച് റേഷൻ വ്യാപാരികൾ

സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ വഞ്ചനാദിനം ആചരിച്ചു. റേഷന്‍ വ്യാപാരികളുടെ കുടുംബത്തിന് ആരോഗ്യരക്ഷ ഉറപ്പുവരുത്തുക, കിറ്റിന്റെ കുടിശ്ശിക കമ്മീഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.

കണയന്നൂര്‍ താലൂക്ക് ഓഫീസിനുമുന്നിലായിരുന്നു റേഷന്‍ വ്യാപാരികളുടെ പ്രതിഷേധം. പട്ടിണി സമരം ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ ആദ്യവാരം മുതല്‍ കടകളടച്ച് സമരം ചെയ്യാനാണ് വ്യാപാരികളുടെ തീരുമാനം.

കിറ്റിന്റെ പേരില്‍ തുടര്‍ഭരണം നേടിയ സംസ്ഥാനസര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്ത റേഷന്‍ വ്യാപാരികളെ അവഗണിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഓണക്കാലത്ത് കടയടപ്പു സമരം നടത്താത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ്. അവഗണനതുടര്‍ന്നാല്‍ ശക്തമായ തുടര്‍സമരമുണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു.