നാലാംദിവസവും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; റേഷന്‍ കടകള്‍ അടച്ചിടുന്നു

സെര്‍വര്‍ തകരാര്‍ കാരണം ഇ പോസ് മെഷീനുകള്‍ പണിമുടക്കിയതോടെ സംസ്ഥാനത്ത് നാലാംദിവസവും റേഷന്‍ വിതരണം മുടങ്ങി. സാധനങ്ങള്‍ കൊടുക്കാന്‍ കഴിയാത്തത് കാരണം ഭൂരിഭാഗം വ്യാപാരികളും കടകള്‍ അടച്ചു. സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍  െഎ ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ കടയടയ്ക്കുന്നത് ദുഷ്ടലാക്കോടെയാണന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.  വെള്ളിയാഴ്ച മുതലാണ് ഇ പോസ് മെഷീന്‍ പണിമുടക്കിത്തുടങ്ങിയത്. ഇന്നു ശരിയാകും നാളെ ശരിയാകുമെന്ന് കരുതി വ്യാപാരികള്‍ ഇതുവരെ കാത്തിരുന്നു. സാധനങ്ങള്‍ കൊടുക്കാത്തതിന്റ പേരില്‍ കാര്‍ഡുടമകളുമായി വാക്കേറ്റം കൂടിയായതോടെയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

പലതവണ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് വ്യാപാരി യൂണിയനുകള്‍.  ഈ മാസം അരലീറ്റര്‍ മണ്ണെണ്ണ അധികമായി ഉള്ളതുകാരണം അതു വാങ്ങാനും ധാരാളം പേര്‍ കടകളില്‍ എത്തുന്നുണ്ട്. എന്നാല്‍ സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. മൂന്നുമാസത്തിനിടയില്‍  സര്‍വര്‍ തകാറിലായിട്ടില്ലെന്നും മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റാണന്നും മന്ത്രി പറഞ്ഞു.