ശരണ്യ ഇനി ഓർമനക്ഷത്രം; അന്ത്യാഞ്ജലി അർപ്പിച്ച് ഉറ്റവർ

ക്യാന്‍സര്‍ അതിജീവന പോരാളി സീരിയല്‍ താരം ശരണ്യ ശശി ഇനി ഓര്‍മനക്ഷത്രം. ഒരു പതിറ്റാണ്ട് നീണ്ട സഹനത്തിനൊടുവില്‍ ശരണ്യയെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. അവസാനകാലം വരെ കൈപിടിച്ച് കൂടെ നടന്ന നടി സീമ ജി.നായരുള്‍പ്പടെ സുഹൃത്തുക്കളും അടുത്തബന്ധുക്കളും ചേര്‍ന്ന് ശാന്തികവാടത്തില്‍ ശരണ്യയെ യാത്രയയച്ചു.

ചെമ്പഴന്തിയിലുള്ള സ്നേഹസീമയില്‍ നിന്ന് രാവിലെ 9ന് ശരണ്യയെ എടുത്തു. തന്‍റെ സ്വപ്നഭവനത്തില്‍ നിന്ന് ശരണ്യയ്ക്ക് അമ്മയുടെ യാത്രയയപ്പ്.  തൈക്കാട് ശാന്തികവാടത്തിലേക്കുള്ള യാത്രക്കിടെ അല്‍പസമയം ഭാരത് ഭവനില്‍ ഇറക്കിവച്ചു. ശരണ്യയെ സ്നേഹിച്ചവര്‍ അവസാനം ഒരു നോക്കുകാണാന്‍ അവിടെയെത്തി. പന്ത്രണ്ടുമണിക്ക് ശാന്തികവാടത്തിലേക്കുള്ള യാത്ര തുടങ്ങി. ശരണ്യയുടെ സഹോദരന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തു.

പിന്നെ വൈദ്യുതി ശ്മശാനത്തിലേക്ക്.. ഒടുവില്‍ ശരണ്യയെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. ശരണ്യയുടെ ദുരിതകാലത്തെല്ലാം കൈത്താങ്ങായി ഒപ്പം നിന്ന സീമ ജി.നായര്‍ കരച്ചിലടക്കാനാവാതെ തളര്‍ന്നിരുന്നു. നടന്‍ നന്ദു അടക്കമുള്ളവര്‍ സീമയെ ആശ്വസിപ്പിച്ച് മടക്കി അയച്ചു. അപ്പോഴേക്കും ശരണ്യയുടെ ശരീരം എരിഞ്ഞടങ്ങിയിരുന്നു.