ഭാര്യയ്ക്ക് ഇഷ്ടമുള്ള കണ്ണട ധരിച്ചെത്തി; സഹപ്രവർത്തകയുടെ വീടിന് മുന്നിൽ ആത്മഹത്യാശ്രമം

സഹപ്രവർത്തകയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. തിരുവനന്തപുരം സ്വദേശി രാജേഷ് കുമാറാണ് ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ളത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ബവ്കോ വെയർഹൗസിലെ ലോഡിങ് തൊഴിലാളിയാണ് രാജേഷ്. ലേബലിങ് യൂണിറ്റിലെ സ്ഥിരം ജീവനക്കാരിയാണ് അഞ്ജലി. ‍ബാലരാമപുരം സ്വദേശിയായ അഞ്ജലിയുടെ വീട്ടുമുറ്റത്തെത്തി രാജേഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തലയിലൂടെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അഞ്ജലിയെയും അവരുടെ മൂത്ത മകനെയും ഇയാൾ കയറിപ്പിടിച്ചു. ഇതിനിടെയാണ് അഞ്ജലിക്ക് ഇരു കൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലും പൊള്ളലേറ്റത്. ഇതേത്തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തു അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.

നാലുമാസം മുൻപാണ് രാജേഷിന്റെ വിവാഹം നടന്നത്. രാജേഷും അഞ്ജലിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് രാജേഷിന്റെ വീട്ടുകാർ പറയുന്നു.

രാവിലെ ആറര മണിയോടെ ഭാര്യ കൃഷ്ണ പ്രിയയെ വിളിച്ചുണർത്തി 'എനിക്ക് സ്വസ്ഥത വേണം, ഞാൻ പോകുന്നു' എന്ന് പറഞ്ഞ് ഭാര്യയ്ക്ക് ഇഷ്ടമുള്ള കണ്ണടയും ധരിച്ചാണ് രാജേഷ് വീട്ടിൽ നിന്നിറങ്ങിയത്. എട്ടുമണിയോടെ രാജേഷിന്റെ സഹോദരൻ വിളിച്ചപ്പോഴാണ് എന്തോ അപകടം പറ്റിയെന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടുകാരെത്തിയാണ് രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.  75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തി. രാജേഷിന്റെ ബൈക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഴികളും ഫോൺ രേഖകളും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.