രാജിക്കായി മുറവിളി; ഒഴിഞ്ഞുമാറി ജോസ്; പ്രതിരോധത്തിലായി ശിവന്‍കുട്ടി

സുപ്രീംകോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടതോടെ കയ്യാങ്കളി കേസിലെ പ്രതി  മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്നും വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു . കയ്യാങ്കളിക്കേസിന്റെ ശരി തെറ്റുകള്‍ പറയാനില്ലെന്ന് ജോസ് കെ.മാണി പ്രതികരിച്ചപ്പോള്‍ മന്ത്രി രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധമെന്ന് ബിജെപി മുന്നറിയിപ്പ് ന‍ല്‍കി 

കോടതിവിധി തിരിച്ചടിയായപ്പോള്‍ സര്‍ക്കാരിനേക്കാള്‍ ഏറെ പ്രതിരോധത്തിലായത് വിദ്യാഭ്യാസമന്ത്രിയായ വി ശിവന്‍കുട്ടിയാണ്. മേശപ്പുറത്ത് കയറി പൊതുമുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസമന്ത്രിയായി തുടരരുത് എന്ന് വി ഡി സതീശന്‍. ബാബറി മസ്ജിദ് കേസിലടക്കും നിരവധി പരാമര്‍ശങ്ങളുള്ള  വിധി വന്നിട്ടുണ്ടെന്നും  ഈ കേസില്‍ അത്തരത്തിലൊന്നുമില്ലെന്നും മന്ത്രി ന്യായീകരിച്ചു. ഇത് ഇന്ത്യാ രാജ്യത്തെ ആദ്യത്തെ വിധിയല്ലന്നും കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും  വി ശിവന്‍കുട്ടി 

കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന ശിവന്‍കുട്ടിയുടെ വാദം മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് കെ പി സി സി പ്രസിഡന്‍റ് വിമര്‍ശിച്ചു. 

താന്‍  നിരന്തരമായി നിയമപോരാട്ടം നടത്തിയിരുന്നില്ലെങ്കിൽ കേസ് ഇല്ലാതാക്കുമായിരുന്നുവെന്ന് മുന്‍പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തല പറഞ്ഞു . മുന്നണി മാറി ഇടതിനൊപ്പമെത്തിയ ജോസ് കെ മാണി മന്ത്രി രാജിവെയ്ക്കേണ്ട എന്ന്  സൂചിപ്പിച്ചു 

പ്രതിപക്ഷത്തിന് പുറമേ ബിജെപിയും ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് . കുറ്റവാളികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍  നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.