കൂലിത്തൊഴിലാളിയിൽ നിന്ന് ടീച്ചറിലേക്ക്; സെൽവമാരി അഭിമാനം; ഗവർണർ

ഏലത്തോട്ടത്തിലെ കൂലിത്തൊഴിലാളിയിൽ നിന്ന് അധ്യാപികയായി മാറിയ സെൽവമാരിയെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെൽവമാരി ഒരു പോരാളിയാണെന്നും സെൽവമാരിയെ പോലെയുള്ള പെൺകുട്ടികൾ ജീവിതത്തിൽ മുന്നേറുന്നതിൽ  അഭിമാനവും സന്തോഷവുമുണ്ടെന്നും ഗവർണർ പറഞ്ഞു. കസവുസാരി നൽകിയാണ് ഗവർണർ സെൽവമാരിയെ സ്വീകരിച്ചത്.

ദിവസക്കൂലിക്കാരിയായ തൊഴിലാളിയിൽ നിന്നു മഞ്ചിവയൽ ട്രൈബൽ സ്കൂളിലെ അധ്യാപികയായി മാറിയ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ 20നു മനോരമ പ്രസിദ്ധീകരിച്ചിരുന്നു. പത്രവാർത്ത ശ്രദ്ധയിൽപെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെൽവമാരിയെ നേരിൽ കാണണമെന്ന് അറിയിക്കുകയായിരുന്നു.

ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയ സെൽവമാരിയെയും രണ്ട് അനിയത്തിമാരെയും അമ്മയും മുത്തശ്ശിയും ചേർന്നായിരുന്നു സംരക്ഷിച്ചത്. പഠനത്തിനൊപ്പം തന്നെ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കുടുംബത്തിനു താങ്ങായി. ഉപരിപഠനത്തിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സെൽവമാരി തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ ഡോ. സമീർ ബാബുവിന്റെ കീഴിൽ രണ്ടാം വർഷ പിഎച്ച്ഡി പഠനം തുടരുകയാണ്. 

കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെന്ററിൽ നിന്നു ബിഎഡും തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നിന്ന് എംഎഡും നേടിയ സെൽവമാരി തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ നിന്ന് ഒന്നാം റാങ്കോടെ എംഫിൽ പാസായി.