ചട്ടം ലംഘിച്ച് പൊലിസ്; മാസ്ക് ഊരി അകലമില്ലാതെ ഡിജിപിയും ഉദ്യോഗസ്ഥരും

ഇരട്ട മാസ്ക് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാതെ ഡി.ജി.പിയും ഉദ്യോഗസ്ഥരും. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായുള്ള ഫൊട്ടോയെടുക്കാനാണ് എല്ലാ ഉദ്യോഗസ്ഥരും മാസ്ക് ഊരിയത്. സാമൂഹിക അകലവും ലംഘിക്കപ്പെട്ടു. 

 ഇരട്ട മാസ്ക് ധരിക്കാത്ത പൊതുജനങ്ങളെ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കുന്ന പൊലീസ്തന്നെ ചട്ടം ലംഘിച്ചു. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍റെ ഉദ്ഘാടനത്തിനു ശേഷം ഡി.ജി.പി: ലോക്സനാഥ് ബെഹ്റയോടൊപ്പം ഉദ്യോഗസ്ഥര്‍ ഫൊട്ടോയെടുത്തിരുന്നു. ഇങ്ങനെ, ഫൊട്ടോ എടുക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എല്ലാം മാസ്ക് ഊരിയത്. സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിലും പൊതുജനങ്ങള്‍ക്ക് എതിരെ കേസെടുക്കുന്നവരാണ് പൊലീസ്. പക്ഷേ, ഉദ്യോഗസ്ഥരുടെ കാര്യം വന്നപ്പോള്‍ ഈ നിയമവും ലംഘിക്കപ്പെട്ടു. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമായിരുന്നു സ്റ്റേഷന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേനയാണ് പങ്കെടുത്തത്. ഡി.ജി.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയിരുന്നു. ഡി.ജി.പി. വിരമിക്കാനിരിക്കെ, എല്ലാ ഉദ്യോഗസ്ഥരും ഒന്നിച്ചുകൂടി ഫൊട്ടോയെടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫൊട്ടോഗ്രാഫര്‍ മാസ്ക് ഊരാന്‍ പറഞ്ഞ ഉടനെ, ചുരുങ്ങിയ നിമിഷത്തേയ്ക്കു മാത്രമാണ് മാസ്ക് ഊരിയത്. പക്ഷേ, ഫൊട്ടോ പുറത്തായതോടെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.