ഈ വൃദ്ധസ്ത്രീക്ക് ഒരു നീതി; പൊലീസ് പടയ്ക്ക് വേറൊരു നീതി; രൂക്ഷ വിമർശനം

മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ഡിജിപി അടക്കമുള്ള പൊലീസുകാർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഒരേ രാജ്യത്ത് രണ്ട് തരം നീതിയാണെന്ന് മുസ്​ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി. കെ. അബ്ദുറബ്ബ്. വേലി തന്നെ വിള തിന്നുന്ന കാഴ്ചയാണെന്നും കാർന്നോർക്ക് അടുപ്പിലുമാവാമെന്നും രൂക്ഷഭാഷയിൽ അദ്ദേഹം വിമർശിക്കുന്നു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രസംഗം മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ഡിജിപി ലോക്നാഥ് ബെഹ്റയടക്കമുള്ളവർ കാണുന്ന ചിത്രം മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം കടുത്തത്. അബ്ദുറബ്ബിന്റെ പോസ്റ്റിങ്ങനെ.

തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഡിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..!

വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണ്. ഒരേ രാജ്യം, രണ്ടു നീതി. കാരണോർക്ക് അടുപ്പിലുമാവാം.

മലപ്പുറം മൂത്തേടത്ത് മാസ്കില്ലാതെ മകളുടെ വീട്ടിലേക്ക് നടന്ന് പോകുമ്പോൾ 85കാരിയെ പൊലീസ് തടഞ്ഞിരുന്നു. വിലാസം ചോദിച്ച് ഇവർ പിഴയീടാക്കിയതായി കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. ഓർമ്മക്കുറവുള്ള വയോധികയെ വരെ ഇങ്ങനെ പിഴിയുമ്പോഴാണ് പൊലീസുകാർ മാസ്കില്ലാതെ നടക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം.