എങ്ങുമെത്താതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മാണം; പ്രതിഷേധം

എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മാണം. സര്‍വീസ് റോഡ് നിര്‍മാണം പോലും പൂര്‍ത്തിയായില്ല. സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് നാട്ടുകാര്‍.

രണ്ടു വര്‍ഷം കൊണ്ടു തീര്‍ക്കുകയെന്ന ലക്ഷ്യമിട്ടാണ് 2018 ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം ആരംഭിച്ചത്. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ലെന്നു മാത്രമല്ല സര്‍വീസ് റോഡു പോലും പൂര്‍ത്തിയാക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞില്ല. കഴക്കൂട്ടം മുതല്‍ ടെക്നോപാര്‍ക്ക് ഫെയ്സ് ത്രീ വരെ 2.76 കിലോമീറ്ററിലായിരുന്നു ഹൈവേ നിര്‍മാണം. സര്‍വീസ് റോഡ് നിര്‍മിക്കാതെ പാലം നിര്‍മാണം തുടങ്ങിയത് അന്നേ വിമര്‍ശനത്തിനിടയാക്കിയിരുന്നു

എന്നാല്‍ ട്രാന്‍സ്ഫോര്‍മാറും വൈദ്യുതി പോസ്റ്റു മാറ്റാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയാത്തതെന്നും  വകുപ്പുകളുടെ ഏകോപനം നടക്കുന്നില്ലെന്നും കമ്പനി വിശദീകരിക്കുന്നു. ഇങ്ങനെ പോയാല്‍ ഇനിയും ഒരു വര്‍ഷം കഴിഞ്ഞാല്‍ പോലും നിര്‍മാണം പൂര്‍ത്തിയാകില്ലെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു