കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ പ്രവര്‍ത്തനം നിലച്ചു; ഗതികെട്ട് രോഗികൾ

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ പ്രവര്‍ത്തനം നിലച്ചു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാല്‍ ആശുപത്രിയിലെ ഒപി അടക്കമുള്ളവ സര്‍ക്കാര്‍ ബോയ്സ് സ്കൂളിലേക്ക് മാറ്റിയപ്പോഴാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനവും നിലച്ചത്. നിര്‍ധനരായ രോഗികള്‍പോലും വലിയ വിലകൊടുത്ത് പുറത്തുനിന്ന് മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. 

മേയ് 20 മുതലാണ് സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കാരുണ്യഫാര്‍മസിയുടെ പ്രവര്‍ത്തനം നിലച്ചത്.  ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണത്തെത്തുടര്‍ന്ന് ഒപി അടക്കമുള്ളവ ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ബോയ്സ് ഹൈസ്കൂളിലേക്ക് മാറ്റിയിരുന്നു. കാരുണ്യഫാര്‍മസിയും ഇങ്ങോട്ട്മാറ്റുന്നതിനായി  പ്രത്യേക മുറി കണ്ടെത്തുകയും ലൈസന്‍സ് ലഭിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടറുടെ പരിശോധന വൈകുന്നതും  അനുമതിപത്രം ലഭിക്കാത്തതുമാണ് ഫാര്‍മസി പുതിയ സ്ഥലത്ത് പ്രവര്‍ത്തനം  തുടങ്ങാത്തതിന് കാരണം

നിര്‍ധനരായ രോഗികള്‍ക്ക് 20 മുതല്‍ 90 ശതമാനം വരെ  വിലക്കുറവില്‍ കാരുണ്യഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ ലഭിക്കും.നിര്‍ധനരായ കാന്‍സര്‍, വൃക്കരോഗികളടക്കമുള്ളവര്‍ വലിയ വിലകൊടുത്ത് മരുന്നുവാങ്ങേണ്ട ഗതികേടിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രോഗികള്‍ക്ക് മറ്റുസ്ഥലങ്ങളിലുള്ള കാരുണ്യ ഫാര്‍മസികളില്‍നിന്ന് മരുന്നുവാങ്ങാനാവാത്ത  സാഹചര്യവുമുണ്ട്.