ന്യൂനപക്ഷ സ്കോളര്‍ഷിപ്; വിധി സ്വാഗതം ചെയ്ത് കെസിബിസിയും കേരള കോണ്‍ഗ്രസും

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാക്കളും ക്രൈസ്തവ സംഘടനകളും. എല്ലാ ന്യൂനപക്ഷങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കാൻ വിധി സഹായിക്കുമെന്ന് കെ.സി.ബി.സി.യും കേരള കൗൺസിൽ ഓഫ് ചർച്ചസും പ്രതികരിച്ചു. അർഹതപ്പെട്ട എല്ലാവർക്കും സ്കോളർഷിപ്പ് ലഭിക്കുമെന്ന് ജോസ് കെ.മാണിയും, ന്യായമായ വിധി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് പി.ജെ.ജോസഫും പറഞ്ഞു.  

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അസമത്വം നീക്കണമെന്ന ക്രൈസ്തവ സഭകളുടെ ദീർഘ നാളത്തെ ആവശ്യം കോടതി അംഗീകരിച്ചുവെന്ന നിലപാടിലാണ് കെ.സി.ബി.സി. വിധി ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും, പദ്ധതികൾ വിഭാവനം ചെയ്തതിലെ പിഴവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയെന്നും കെ.സി.ബി.സി. വക്താവ് പറഞ്ഞു.

നീതിയുടെ വിജയമാണെന്നും, ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട പക്ഷപാത നിലപാടുകൾ തിരുത്താൻ വിധി സഹായിക്കുമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതികരിച്ചു. അർഹരായവർക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കാൻ വിധി സഹായിക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞു.

എല്ലാ വശങ്ങളും പരിശോധിച്ചുള്ളതാണ് വിധിയെന്നും, ഓരോ സമുദായങ്ങൾ പറയുന്നതു പോലെയല്ല കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും പി.ജെ.ജോസഫ് പറഞ്ഞു.