വിദേശവാക്സീനുകള്‍ക്ക് വഴിയൊരുങ്ങി; ക്ഷാമം തീരുമോ? വിശദമായി അറിയാം

ഫൈസറും മൊഡേണയും നമുക്ക് കിട്ടുമോ? ജോൺസൺ ജോൺസൺ ഒറ്റഡോസ് വാക്സീൻ ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും? കോവിഡ് രണ്ടാം തരംഗവും വാക്സീൻ ക്ഷാമവും ജീവൻ തന്നെ പിടിച്ചുലയ്ക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ ആണിത്. വാക്സീൻ ക്ഷാമം കുറച്ചെങ്കിലും പരിഹരിക്കാനാകും വിധം കേന്ദ്ര സർക്കാർ നയം മാറ്റിയിരിക്കുന്നു. ഫൈസറും മൊഡേണയും അടക്കുള്ള വിദേശ വാക്സീനുകള്‍ ഇന്ത്യയിലെത്താനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകയാണ് കേന്ദ്രം ചെയ്തത്. എന്നാല്‍ എത്ര അളവില്‍...എന്ന്... ഇത് ലഭ്യമാകുമെന്നതില്‍ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ തുടങ്ങിയവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണുമായാണ് ഏകദേശ ധാരണയിലെത്തിയിരിക്കുന്നത്. ഫൈസറുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. വാക്സീനുകള്‍ പല രാജ്യങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ആവശ്യവും ഉല്‍പാദവും തമ്മില്‍ ഇപ്പോഴും വലിയ അന്തരമുണ്ട്. റഷ്യ വികസിപ്പിച്ച സ്പുടിനിക് വാക്സീൻ വിതരണം തുടങ്ങി കഴിഞ്ഞു. ഒറ്റ ഡോസായ സ്പുട്നിക് ലൈറ്റിനായി കാത്തിരിക്കുന്നു

നയംമാറ്റം എങ്ങനെ?

മുൻപ് ഒരു വാക്സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കണമെങ്കിൽ അടിയന്തര അനുമതിക്ക് അപേക്ഷ നൽകി, വിദഗ്ധസമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് കാത്തിരിക്കണമായിരുന്നു. 2020 ഡിസംബറിൽ അടിയന്തര അനുമതി അപേക്ഷിച്ചതാണ് ഫൈസർ. പലതവണ പുതുക്കിയ അപേക്ഷകൾ സമർപ്പിക്കേണ്ടിയും വന്നു. 2021 മേയ് ആയിട്ടും അനുമതി ലഭിച്ചില്ല. എന്നാൽ, ഇപ്പോൾ ഈ നടപടിക്രമം മാറി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോ ലോകാരോഗ്യ സംഘടനയോ അംഗീകരിച്ച ഏത് വാക്സിനും വിതരണത്തിന് എത്തിക്കാം. ഇത്തരം വാക്സീനുകൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ  ലഭ്യമാക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്

ക്ഷാമത്തിന് പരിഹാരമോ?

ഒന്നാം ഡോസ് വാക്സീൻ എടുത്തവരിൽപ്പോലും രോഗം ഗുരുതരമാകുന്നത് കുറയുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വളരെ പെട്ടെന്ന് ഇന്ത്യയിൽ വലിയൊരു വിഭാഗത്തിന് ഒരു ഡോസ് വാക്സീൻ എങ്കിലും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തീരുമാനം. നിലവിൽ വിതരണം ആരംഭിച്ചിട്ടുള്ളതിൽ കോവാക്സീനാണ് ഉയർന്ന വില, ഡോസിന് 1200 രൂപ.  ഇത് കൊടുക്കാം എന്ന് വച്ചാൽ പോലും വാക്സീൻ കിട്ടാനില്ലാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പുതിയ തീരുമാനത്തിന് കഴിയും. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കൂടുതല്‍ വിദേശ കമ്പനികളുടെ വാക്സീൻ വാങ്ങി വിതരണം ചെയ്യാനുള്ള സൗകര്യം ഒരുങ്ങും. കേന്ദ്രസര്‍ക്കാരുമായി മാത്രമേ കരാറുണ്ടാക്കൂവെന്നും സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സീന്‍‍ നല്‍കില്ലെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്രത്തോളം വാക്സീന്‍ ലഭ്യമാകും എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനത്തിന്‍റെ ഫലപ്രാപ്തി.

പാർശ്വഫലങ്ങളിൽ ഭീതി വേണ്ട

 ലോകാരോഗ്യസംഘടനയും എഫ്ഡിഎയും അംഗീകരിച്ചിട്ടുള്ള വാക്സീനുകളെല്ലാം ഇപ്പോൾത്തന്നെ ഒട്ടേറെ രാജ്യങ്ങളിൽ ഉപയോഗത്തിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മനുഷ്യ പരീക്ഷണം നടത്താതെ അനുമതി നൽകുന്നതിൽ ഭയം വേണ്ട. ആദ്യഘട്ടത്തിൽ ഇത്തരമൊരു തീരുമാനം എടുക്കുന്നതിൽ നിന്നു സർക്കാരിനെ പിന്തിരിപ്പിച്ച, പാർശ്വഫലങ്ങളെപ്പറ്റിയുള്ള ആശങ്ക ഒരു പരിധിവരെ നീങ്ങിയിരിക്കുന്നു എന്നു ചുരുക്കം.

പ്രതീക്ഷയുടെ നാളുകൾ

പ്രതീക്ഷയുടെ നാളുകളാണ് കാത്തിരിക്കുന്നതെന്നു തന്നെ വിലയിരുത്താം. വാക്സീൻ വാങ്ങി സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യാൻ തയാറെടുക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള വഴി തെളിഞ്ഞിരിക്കുന്നു. വിദേശവാക്സീനുകളെല്ലാം ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ കൂടിയാണ് സര്‍ക്കാര്‍ തേടുന്നത്. സ്പുട്നിക്ക് വാക്സീന്‍ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങി. മറ്റു കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുന്നു. വാക്സീന്‍ പേറ്റന്‍റ്  അടക്കമുള്ള കാര്യങ്ങള്‍ അന്തിമതീരുമാനത്തില്‍ നിര്‍ണായകമായേക്കും. ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങി വാക്സീനുകളുടെ ഫലപ്രാപ്തി അടക്കം മറ്റു വിശദാംശങ്ങളുമായി അടുത്തദിവസം.