കഠിനാധ്വാനത്തിനുള്ള അംഗീകാരം: മാതൃകാ മണ്ഡലമാക്കി മാറ്റും: അഹമ്മദ് ദേവർകോവിൽ

ലീഗിന്റെ സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയ അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിപദം കഠിനാധ്വാനത്തിനുള്ള അംഗീകാരം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കിറങ്ങിയ ദേവര്‍കോവില്‍ കന്നിയങ്കത്തില്‍ കരുത്തുറ്റ പ്രകടനം പുറത്തെടുക്കുകയായിരുന്നു. കോഴിക്കോട് സൗത്തിനെ മാതൃകാ മണ്ഡലമാക്കി മാറ്റുമെന്നാണ് അദ്ദേഹം വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്.

നിങ്ങളുടെ കണ്ണില്‍ എനിക്ക് തീരെ വിജയസാധ്യതയുണ്ടാകില്ല. എന്നാല്‍ ഇത്തവണ കോഴിക്കോട് സൗത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് മറിച്ചായിരിക്കും. വരട്ടെ അന്തിമഫലം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ലീഗിന്റെ വിമര്‍ശനത്തിന് അഹമ്മദ് ദേവര്‍കോവിലിന്റെ മറുപടി ഇതായിരുന്നു. ഫലം വന്നപ്പോള്‍ ലീഗ് നേതൃത്വവും ഞെട്ടി. പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സൗത്ത് മണ്ഡലം ദേവര്‍കോവില്‍ സുരക്ഷിത ഇരിപ്പിടമാക്കി.

1977 ൽ കുറ്റിയാടി ഹൈസ്കൂൾ ലീഡറിലൂടെയാണ് അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃ തുടക്കം. തലശ്ശേരിയിലെ ഉപരിപഠന കാലത്ത് ചെറിയ മമ്മുക്കേയി, പി എം അബൂബക്കർ സാഹിബ് തുടങ്ങിയവരുമായുള്ള അടുപ്പവും ശിക്ഷണവും രാഷ്ട്രീയ വളർച്ചക്ക് വേഗം കൂട്ടി. എം.എസ്.എഫിന്റെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥ കാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. പ്രമുഖ ഇടതു പക്ഷ നേതാക്കളോടുമൊപ്പം അറസ്റ്റ് വരിച്ച് ജയിൽ വാസം അനുഷ്ഠിച്ചു. ജീവിതം ബോംബെയിലേക്ക് പറിച്ചു നട്ടപ്പോഴും രക്തത്തിൽ അലിഞ്ഞു ചേർന്ന പൊതുപ്രവർത്തനം ഉപേക്ഷിക്കാനായില്ല. ബോംബെ മേയറായിരുന്ന മാധവന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബോംബെ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ സെക്രട്ടറിയായി. 1994 ൽ ഡൽഹിയിൽ ചേർന്ന പ്രഥമ ഐ.എന്‍.എല്‍ രൂപീകരണ കൺവെൻഷൻ മുതൽ തുടങ്ങിയ പാർട്ടി ബന്ധം പിന്നീട് ദൃഢമായി. നാദാപുരം മണ്ഡലം പ്രസിഡന്റ് , കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. നിലവില്‍ പാർട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്.