ഒരേക്കർ പുരയിടത്തിൽ കപ്പ കൃഷി, ഒരു മൂട് 18 കിലോ; കൊയ്തതൊക്കെ നാടിന് നൽകി രവീന്ദ്രവർമ

 ഒരേക്കർ പുരയിടത്തിൽ കഠിനാധ്വാനത്തിലൂടെ കൃഷി ചെയ്ത മുഴുവൻ കപ്പയും മഞ്ഞനിക്കര നിവാസികൾക്ക് സൗജന്യമായി വിതരണം ചെയ്ത് രവീന്ദ്രവർമ അംബാനിലയം. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ആകൃഷ്ടനായാണ് തരിശ് കിടന്ന പുരയിടത്തിൽ രവീന്ദ്രവർമ കപ്പ കൃഷിയിറക്കിയത്. ഒറ്റയ്ക്കാണ് കിളച്ച് കപ്പ നട്ടതും ഇടയ്ക്ക് വളമിട്ട് മണ്ണ് കൂട്ടിയതും. ആറ് മാസ കപ്പയായിരുന്നു. ഇപ്പോൾ വിളവായി. മഴ തുടങ്ങിയതോടെ ഇനിയും കിടന്നാൽ വെള്ളം കെട്ടി കിടന്ന് നശിക്കും. ഒരു മൂട് പറിച്ചു നോക്കിയപ്പോൾ 18 കിലോ ഉണ്ടായിരുന്നു. 

ലോക്ഡൗണിനു സമാനമായ നിയന്ത്രണം വന്നതോടെ ജനങ്ങൾക്ക് ജോലിക്ക് പുറത്തുപോകാൻ പറ്റാത്ത സ്ഥിതിയായി.  പത്തനംതിട്ടയിലെ മഞ്ഞനിക്കര ലക്ഷം വീട്ടിൽ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങളാണ് ജോലിക്കു പോകാൻ കഴിയാതെ വിഷമത്തിലായത്. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇന്നലെ സേവാഭാരതി പ്രവർത്തകരെ വിളിച്ചു വരുത്തി മുഴുവൻ കപ്പയും പറിച്ചു. പെട്ടി ഓട്ടോയിൽ കയറ്റി മഞ്ഞനിക്കര ഭാഗത്തെ എല്ലാ വീടുകളിലും എത്തിച്ച് സൗജന്യമായി വിതരണം ചെയ്തു.