ഹെലികോപ്റ്ററിൽ പറന്നിറങ്ങി, ദേശീയ നേതാക്കളെ ഇറക്കി, എന്നിട്ടും; തളർന്നു മടക്കം

കാസർകോട്: വൻ സന്നാഹത്തോടെ ഹെലികോപ്റ്ററിലടക്കം പറന്നിറങ്ങിയും ദേശീയ–കർണാടക നേതാക്കളെ ഇറക്കിയും നടത്തിയ പ്രചാരണത്തിനു ശേഷവും മഞ്ചേശ്വരത്തു ബിജെപി സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വിജയിക്കാനാവാഞ്ഞതു പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. അവസാനനിമിഷമാണ് കോന്നിക്കു പുറമേ മഞ്ചേശ്വരത്തും കെ.സുരേന്ദ്രൻ മത്സരിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. 

ഇരു മണ്ഡലങ്ങളിലായി മത്സരിക്കുന്നത് ഒരു മണ്ഡലത്തിൽ മാത്രമായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനു തടസമാകുമെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിൽ നിന്നടക്കം ഉയർന്നുവെങ്കിലും അതൊന്നും കാര്യമാക്കാതെ ആദ്യ വരവ് ഹെലികോപ്റ്ററിൽ  പറന്നത്തെത്തിയത്  പ്രവർത്തകർക്കും നേതാക്കൾക്കും ആവേശമാക്കിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം ചുരുങ്ങിയ ദിവസം മാത്രമായിരുന്നു കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണത്തിലുണ്ടായിരുന്നത്.

മറ്റു ദിവസങ്ങളിൽ കോന്നിയിലായിരുന്നു.  എന്നാൽ കർണാടകയിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ആർഎസ്എസ്–ബിജെപി സംഘം മണ്ഡലത്തിന്റെ അതിർത്തി പഞ്ചായത്തുകളിലെ വീടുകളിൽ യുവജന–വിദ്യാർഥി–മഹിള സ്ക്വാഡുകൾ ഇറങ്ങി വോട്ട് അഭ്യർഥിക്കുകയായിരുന്നു. ഓരോ വീടുകളിൽ മണിക്കൂറോളം വിനിയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

കർണാടകയിലെ സംഘ് പ്രവർത്തകർക്കായിരുന്നു മഞ്ചേശ്വരത്തെ എൻഡിഎയുടെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുക്കാൻ പിടിച്ചത്. തിരഞ്ഞെടുപ്പിനായി രംഗത്തിറങ്ങിയ കർണാടക നേതാക്കൾ ഉൾപ്പെടെയുള്ളവർ സുരേന്ദ്രൻ ജയിക്കുമെന്ന റിപ്പോർട്ടാണ് നേതൃത്വത്തിനു കൈമാറിയത്. എന്നാൽ ചെറിയ വോട്ടിനു പരാജയപ്പെട്ടത് കർണാടക നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്.