പ്രളയകാലത്തെ മാലിന്യം നീക്കിയില്ല; ഒഴുക്ക് നിലച്ച് ഒലിപ്പുഴ; അനാസ്ഥ

മലപ്പുറം കരുവാരകുണ്ട് ഒലിപ്പുഴയില്‍ കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കി പുഴ സംരക്ഷിക്കാനുള്ള ദുരന്ത നിവാരണസമിതിയുടെ പദ്ധതി പാതിവഴിയില്‍ നിലച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി വ്യക്തമായ തീരുമാനമെടുക്കാത്തതാണ് പ്രവര്‍ത്തി തടസപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം. 

2018ലേയും 19 ലേയും പ്രളയങ്ങളിൽ ഒലിപ്പുഴയിലും അങ്ങാടിച്ചിറയിലുമായി വന്‍തോതിലാണ് മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയത്.  ഉരുൾപൊട്ടലിനു പിന്നാലെ ചേറൂമ്പ് ഇക്കോ ടൂറിസം വില്ലേജ് ഉൾപ്പെടുന്ന അങ്ങാടിച്ചിറയിലും പുഴയുടെ പല ഭാഗത്തുമായി ടൺ കണക്കിന് മാലിന്യം കുന്നുകൂടി.  ഇതു നീക്കി പുഴയിലെ ജലനിരപ്പ് നിലനിർത്താനായി ജില്ല ദുരന്ത നിവാരണ സമിതി 2020 മെയ് മാസത്തിൽ ഒന്നേകാല്‍ കോടി രൂപ അനുവദിച്ചിരുന്നു. കാലവർഷം തുടങ്ങും മുന്‍പ് പദ്ധതി നടപ്പാക്കാൻ നിർദേശവും നൽകിയെങ്കിലും കഴിഞ്ഞ കാലവർഷം തുടങ്ങിയതോടെ പദ്ധതി നടപ്പാക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ പിന്നെയും നീണ്ടു.  മാലിന്യങ്ങള്‍ നീക്കാനുളള അനുമതിക്കുവേണ്ടി കരാറുകാരൻ രണ്ടു തവണ കത്ത് നൽകിയെങ്കിലും ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒന്നും ചെയ്തില്ലെന്നാണ് പരാതി .

നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ വീണ്ടും നീണ്ടുപോയി. കാലവർഷം അടുത്തിരിക്കെ ഒരു മലവെളളപ്പാച്ചിലുണ്ടായാല്‍  ഒലിപ്പുഴക്ക് ഒഴുകാന്‍ സ്ഥലമില്ല. 

പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്തില്ലെങ്കില്‍ ഇനി പെയ്യുന്ന ചെറിയൊരു മഴയില്‍ പോലും വെളളം സമീപത്തെ വീടുകളിലേക്ക് കയറുമെന്നാണ് ആശങ്ക.