നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിവോട്ട്; വോട്ടോര്‍മ പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിവോട്ട് ചെയ്യാന്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ശ്രീകുമാരന്‍തമ്പിക്ക് മുമ്പ് തമിഴ്നാട്ടിലായിരുന്നു വോട്ട്. 1982ല്‍ സ്വന്തം സഹോദരന്‍ പി.ജി.തമ്പി മാവേലിക്കരയില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ മല്‍സരിച്ചപ്പോള്‍ വോട്ടുചെയ്യാനാവാത്തത് ഇന്നും വിഷമിപ്പിക്കുന്ന ഓര്‍മയാണ്.

സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടനയായ ഐ.എസ്.ഒയുടെ നേതാവായിരുന്നു ശ്രീകുമാരന്‍ തമ്പി. ഇരുപത്തിയാറാം വയസില്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ എം.ജി.ആറിന്‍റെ അനുയായി ആയി. പക്ഷേ ശ്രീകുമാരന്‍ തമ്പിയുടെ ആദ്യവോട്ട് എക്കാലത്തെയും എതിരാളിയായ കോണ്‍ഗ്രസിനായിരുന്നു.

1982ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ശ്രീകുമാരന്‍ തമ്പിയുടെ ചേട്ടന്‍ അഡ്വ.പി.ജി.തമ്പി ഹരിപ്പാട് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായി. എതിരാളി കന്നിക്കാരന്‍ രമേശ് ചെന്നിത്തല.  അന്ന് ജയം രമേശ് ചെന്നിത്തലയ്ക്കൊപ്പം നിന്നു. ഇപ്പോള്‍ കാട്ടാക്കടയിലെ വോട്ടറാണ് ശ്രീകുമാരന്‍ തമ്പി. കഴിഞ്ഞ തദ്ദേശ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്തെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യവോട്ടിനായി ആവേശത്തോടെ കാത്തിരിക്കുന്നു പ്രിയഗാനരചയിതാവ്.