കിളികളുടെ ശബ്ദത്തിൽ പാടുന്ന കടുവക്കുട്ടി; കയ്യടി നേടി വീറ്റസിന്റെ സൂത്രവിദ്യ, വിഡിയോ

സൈബീരിയയിലെ ബർണോൾ മൃഗശാലയിലാണ് വീറ്റസ് എന്ന കടുവക്കുട്ടി ജീവിക്കുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള വീറ്റസിന് ഇപ്പോൾ ലോകമെമ്പാടും ആരാധകരേറെയുണ്ട്. അതിനു കാരണം പ്രത്യേക രീതിയിൽ പാടാനുള്ള വീറ്റസിന്റെ കഴിവു തന്നെ. കടുവകൾക്ക് പാട്ടുപാടാൻ ആവുമോ എന്നാണ് ചോദ്യമെങ്കിൽ കിളികളുടെ ശബ്ദത്തിൽ തന്നെ പാടാനാവും എന്ന് വീറ്റസ് കാട്ടിത്തരും.

സ്വന്തം ശബ്ദം മാറ്റി കിളികളുടേതിന് സമാനമായ രീതിയിൽ പാട്ടുപാടുന്ന വീറ്റസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വീറ്റസിന്റെ ഈ വിചിത്ര സ്വഭാവത്തിന് ഒരു പ്രത്യേക കാരണവുമുണ്ടെന്നു മൃഗശാല അധികൃതർ പറയുന്നു. അമ്മയായ ബഗീരയുടെ ശ്രദ്ധ മറ്റു മക്കളിൽനിന്നും തന്നിലേക്ക് മാത്രം എത്തുന്നതിനു വേണ്ടിയാണ് ഈ സൂത്രവിദ്യ. അമ്മക്കടുവ മറ്റു മക്കൾക്കൊപ്പം ഇടപഴകുന്ന സമയത്ത് വീറ്റസ് ഏതെങ്കിലും മൂലയിലേക്ക് മാറി ഒറ്റക്കിരിക്കും. എന്നിട്ട് തന്റെ 'മിമിക്രി'യിലൂടെ അമ്മയെ വിളിച്ചു തുടങ്ങും. ബഗീര മറ്റു മക്കളുടെ അടുത്തുനിന്ന് മാറി അരികിലേക്കെത്തുന്നതുവരെ വീറ്റസിന്റെ പാട്ട് തുടരുകയും ചെയ്യും.

ജനിച്ച് അധികനാൾ കഴിയും മുമ്പ് തന്നെ അമ്മയുടെ ശ്രദ്ധയാകർഷിക്കാൻ പ്രത്യേക മിടുക്കാണ് വീറ്റസിനുള്ളതെന്ന് മൃഗശാലയിലെ ജോലിക്കാർ പറയുന്നു. ഈ പ്രത്യേകത ശ്രദ്ധയിൽ പെട്ടത് കൊണ്ട് വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന റഷ്യൻ ഗായകനായ വീറ്റസിന്റെ പേര് കടുവക്കുട്ടിക്ക് നൽകുകയായിരുന്നു. വിചിത്ര ശബ്ദത്തിലുള്ള പാട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ റഷ്യക്ക് അകത്തും പുറത്തുമായി ആയിരക്കണക്കിന് ആരാധകരാണ് വീറ്റസിനുള്ളത്.

അമുർ ഇനത്തിൽപ്പെട്ട കടുവയാണ് വീറ്റസ്. കടുവ വർഗത്തിൽ തന്നെ ഏറ്റവും വലിപ്പമുള്ളവ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമുർ കടുവകൾ വംശനാശഭീഷണി നേരിടുന്ന ഇനം കൂടിയാണ്. കിഴക്കൻ റഷ്യയിലെ വനാന്തരങ്ങളിൽ അറുനൂറോളം അമുർ കടുവകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് കണക്കുകൾ.