ഇടുക്കിയില്‍ മുന്നണികൾക്ക് അഭിമാനപ്പോരാട്ടം; യുഡിഎഫിന് ജയം അനിവാര്യം

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തോടെ സമവാക്യങ്ങൾ മാറിമറിഞ്ഞ ഇടുക്കിയിൽ ഇരുമുന്നണികൾക്കും ഇക്കുറി അഭിമാനപ്പോരാട്ടമാണ്. കേരള കോൺഗ്രസ് എം ഒപ്പമെത്തിയതോടെ ശക്തി വർധിച്ച എൽഡിഎഫ് ആധിപത്യം ലക്ഷ്യമിടുമ്പോൾ ജില്ലയിൽ ശക്തി ക്ഷയിച്ചിട്ടില്ലെന്നു കാണിക്കേണ്ടത് യുഡിഎഫിന് അനിവാര്യമാണ്. എ.ഐ.എ.ഡി.എം.കെ.യെ കൂട്ട് പിടിച്ച് തോട്ടം മേഖലയിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.  

അഞ്ച് നിയമസഭ മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം. എംഎല്‍എ റോഷി അഗസ്റ്റിന്‍ ഇടത് പാളയത്തിെലത്തിയതോടെ നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. തുടര്‍ച്ചയായി 4 തവണ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച റോഷി അഗസ്റ്റിൻ ഇടതോരം ചേര്‍ന്ന് മത്സരിക്കുമ്പോൾ ജയം മാത്രമാണ് ജില്ലയിൽ തിരിച്ചുവരവ് കാണിക്കാനുള്ള യുഡിഎഫിന്റെ ഏകവഴി.  ഭൂപ്രശ്നങ്ങളും പട്ടയ പരാതികളും പ്രളയവും വലച്ച ജില്ലയിൽ അവസാന നിമിഷം പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

ഭൂപതിവ് ചട്ടഭേദഗതിയിലടക്കം യുഡിഎഫ് സ്വീകരിച്ച നിലപാട് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇടുക്കി സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് വഴങ്ങേണ്ടി വരും. തൊടുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്ന കാര്യത്തിലാണ് ഇടതുമുന്നണി തീരുമാനം നീളുന്നത്. ദേവികുളത്തും പീരുമേട്ടിലും പുതിയ സ്ഥാനാര്‍ഥികളെ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണ് എല്‍ഡിഎഫ്. എം.എം.മണിയും റോഷി അഗസ്റ്റിനും പി.ജെ.ജോസഫുമാണ് ജില്ലയില്‍ സീറ്റുറപ്പിച്ചവര്‍.