ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം; സൈബര്‍ സെക്യുരിറ്റി സമ്മിറ്റിന് തുടക്കം

സൈബര്‍ ലോകത്തെ തട്ടിപ്പുകളെക്കുറിച്ച് സാധാരണക്കാരനെ ബോധവല്‍ക്കരിക്കുന്നതിന് സൈബര്‍ ഡോമിന്റെ സൈബര്‍ സെക്യുരിറ്റി സമ്മിറ്റിന് തുടക്കമായി. കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ അഞ്ച് വിദേശ രാജ്യങ്ങളിലെ സൈബര്‍ വിദഗ്ധര്‍ വിഷയാവതരണം നടത്തും. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ഫേസ്ബുക്ക്, യൂടൂബ് വഴി തല്‍സമയം കാണാവുന്ന തരത്തിലാണ് പദ്ധതി.   

കോവിഡ് കാലത്ത് വീട്ടില്‍ വെറുതെയിരിക്കുന്നവരുടെ മൊബൈലിലേക്ക് പ്രലോഭനവുമായി ആദ്യ സന്ദേശമെത്തും. വായ്പാ ലഭ്യതയും പണം നേടാനുള്ള അനന്ത സാധ്യതയുമെല്ലാം വിശദീകരിക്കും. മറ്റൊന്നും നോക്കാതെ വിവരം കൈമാറുന്നവര്‍ക്കുണ്ടാകുന്ന നഷ്ടം വിവരണാതീതമാണ്. വ്യക്തി വിവരങ്ങളും, അക്കൗണ്ട് രേഖകളും, പണമിടപാടുമെല്ലാം പൂര്‍ണമായും പിന്നീട് വേറൊരാള്‍ നിയന്ത്രിക്കും. ചെറിയൊരു ശ്രദ്ധയുണ്ടെങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അകറ്റി നിര്‍ത്താമെന്ന് ഓര്‍മപ്പെടുത്തുകയാണ് സൈബര്‍ ‍ഡോ‌മിന്റെ ഇടപെടല്‍. അര്‍ജന്റീന, റഷ്യ, സ്പെയിന്‍, ഇറാന്‍, ന്യൂസീലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് വിഷയമവതരിപ്പിച്ചത്. 

കുട്ടികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങി ആര്‍ക്കും സൈബര്‍ ഡോം കോഴിക്കോടിന്റെ ഫേസ്ബുക്ക് യൂടൂബ് പേജുകള്‍ വഴി സുരക്ഷാ കരുതല്‍ വഴികള്‍ തല്‍സമയം കാണാം. വൈദഗ്ധ്യം നേടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാണ്. പൊതുമേഖലാ ബാങ്കും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളുമാണ് സമ്മിറ്റിന്റെ ചെലവ് വഹിക്കുന്നത്.