ക്ഷണിച്ചു, പോയി, അത് മര്യാദ; ‘പുണ്ണ് മാന്തി വ്രണമാക്കുന്നവരോട്’ സ്പീക്കർ; കുറിപ്പ്

അന്തരിച്ച മുൻധനകാര്യ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം മാണിയുടെ പ്രതിമ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇന്നലെ അനാച്ഛാദനം ചെയ്തിരുന്നു. പാലായിൽ നടന്ന ചടങ്ങിൽ മാണിയുടെ കുടുംബവും പാർട്ടി പ്രവർത്തകർ അടക്കം എത്തിയിരുന്നു. ഇതിന് പിന്നാലെ നിയമസഭയിൽ മുൻപ് കെ.എം മാണിക്കെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. വി.ടി ബൽറാം അടക്കമുള്ള നേതാക്കൾ ശ്രീരാമകൃഷ്ണൻ മുൻപ് കെ.എം മാണിയോട് പ്രതിഷേധിക്കുന്ന ചിത്രവും ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസങ്ങൾ. ട്രോളുകളും നിറഞ്ഞതോടെ മറുപടി കുറിപ്പുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. 

കുറിപ്പ് ഇങ്ങനെ: ‘കേരളാ നിയമസഭയിൽ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട ശ്രീ. കെ.എം മാണിയുടെ പ്രതിമ, അദ്ദേഹം 13 (പതിമൂന്ന്) തവ വിജയിച്ച പാലായിൽ സ്ഥാപിച്ചത് അനാച്ഛാദനം ചെയ്യാൻ കെ.എം മാണി ഫൗണ്ടേഷൻ ഭാരവാഹികൾ ക്ഷണിച്ചപ്പോൾ, നിയമസഭാ സ്പീക്കർ എന്ന നിലയ്ക്ക് പങ്കെടുക്കണമെന്ന് തീരുമാനിച്ചു. അതേതെങ്കിലും രാഷട്രീയ നിലപാടുമായോ ഐക്യമോ അനൈക്യമോ ആയി ബന്ധപ്പെട്ട കാര്യമല്ല. നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിട്ട ശ്രീ. ഉമ്മൻ ചാണ്ടിയെ ആദരിയ്ക്കുന്ന ചടങ്ങ് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ചപ്പോൾ അതിനും ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു. മുസ്ലീം യൂത്ത് ലീഗിൻ്റെ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ച് മുൻ സ്പീക്കർ ശ്രീ.കെ.എം സീതിസാഹിബിനെ സംബന്ധിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണ്. ഇതിന്റെ പേരിൽ പുണ്ണ് മാന്തി വ്രണമാക്കുന്നവരോട് ഒരു വാക്ക്. നിങ്ങൾ എത്ര അധിക്ഷേപിച്ചാലും ഇത്തരം മര്യാദകൾ പാലിക്കുക തന്നെ ചെയ്യും...