ദേശീയപാത അതോറിറ്റിയും പൊലീസും തമ്മിൽ തർക്കം; ആകാശപാത നിര്‍മാണം തടസപ്പെട്ടു

കഴക്കൂട്ടത്ത് ദേശീയപാത അതോറിറ്റിയും പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആകാശപ്പാത നിര്‍മാണം തടസപ്പെട്ടു. ഗതാഗതക്കുരുക്കിന്‍റെ പേരില്‍ 

തൊഴിലാളികള്‍ക്കും കരാറുകാരനുമെതിരെ പൊലീസ് തുടര്‍ച്ചയായി നടപടിയെടുക്കുന്നെന്നാണ് ദേശീയപാത അതോറിറ്റിയുടെ പരാതി. ഗര്‍ഡറുകള്‍ 

സ്ഥാപിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ കഴക്കൂട്ടത്ത് ഗതാഗതം കൂടുതല്‍ നിയന്ത്രിക്കണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടു.

മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ നടക്കുന്ന ആകാശപ്പാത നിര്‍മാണത്തെ തുടര്‍ന്ന് കഴക്കൂട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സര്‍വീസ് റോഡുകള്‍ നിര്‍മിക്കുന്നതിലെ കാലതാമസമാണ് പ്രധാനകാരണം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കരാര്‍ കമ്പനിയുടെ വാഹനങ്ങള്‍ പൊലീസ് 

പിടിച്ചെടുക്കുകയും തൊഴിലാളികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് കമ്പനി മണിക്കൂറുകളോളം നിര്‍മാണം നിര്‍ത്തിവച്ചു. റോഡരുകിലെ ചില കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് പൊലീസ് എതിരുനില്‍ക്കുന്നെന്നും ദേശീയപാത അതോറിറ്റി ആരോപിക്കുന്നു. ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് നിര്‍മാണം പുനരാരംഭിച്ചു. വരുംദിവസങ്ങളില്‍ ഗതാഗതനിയന്ത്രണം കടുപ്പിച്ച് പൊലീസ് നിര്‍മാണപ്രവര്‍ത്തനത്തില്‍ സഹായിക്കണമെന്ന് കരാര്‍ കമ്പനി 

ആവശ്യപ്പെട്ടു.കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍റെ മതില്‍ ആകാശപ്പാത നിര്‍മാണത്തിന്‍റെ പേരില്‍ പൊളിച്ചുമാറ്റിയതിന് ശേഷമാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് മോശം സമീപനം തുടങ്ങിയതെന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. തകര്‍ത്ത മതില്‍ ഇതുവരെ പുനര്‍നിര്‍മിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കഴക്കൂട്ടം എസിപി വ്യക്തമാക്കി. സിഎസ്ഐ മിഷന്‍ ഹോസ്പിറ്റല്‍ മുതല്‍ ടെക്നോപാര്‍ക്ക് ഫേസ് 3 വരെ 2.75 കിലോമീറ്റര്‍ നീളത്തിലാണ് 195 കോടിരൂപ മുടക്കില്‍ ആകാശപ്പാത നിര്‍മിക്കുന്നത്.