വെള്ളയില്‍ മല്‍സ്യതുറമുഖം യാഥാർഥ്യമായി; ഏറെ നാളത്തെ സ്വപ്നം

ഏറെ നാളത്തെ മല്‍സ്യത്തൊഴിലാളികളുടെ സ്വപ്നമാണ് കോഴിക്കോട് വെള്ളയില്‍ മല്‍സ്യതുറമുഖത്തിന്റെ ഉദ്ഘാടനത്തോടെ യാഥാര്‍ത്ഥ്യമായത്. 75 കോടി രൂപ ചെലവഴിച്ചാണ്  തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

2013 ലാണ് വെള്ളയില്‍ മല്‍സ്യബന്ധന തുറമുഖ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത്. പുലിമുട്ടുകളുടേയും വാര്‍ഫിന്റെയും ലേലഹാളിന്റെയും നിര്‍മാണം പിന്നീട് പൂര്‍ത്തീകരിച്ചെങ്കിലും പുലിമുട്ട് അശാസ്ത്രീയമായാണെന്ന് ആരോപണം ഉയര്‍ന്നു. പൂനെ ആസ്ഥാനമായ ഒരു കമ്പനി പഠനം നടത്തി പുലിമുട്ടിന്റെ പ്രശ്നം പരിഹരിക്കാന്‍ രൂപ രേഖ സമര്‍പ്പിച്ചു. ഇതിനനുസരിച്ചുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയാണ് തുറമുഖം ഉദ്ഘാടനം ചെയ്തത്. മല്‍സ്യ വില്‍പ്പനയിലുള്ള  ഇടനിലക്കാരുടെ ഇടപെടല്‍ ഇനിയുണ്ടാവില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

തുറമുഖം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പ്രത്യക്ഷമായി പതിനായിരം പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെയാണ് തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കിയത്.