ശംഖുമുഖത്ത് നാളെ യു.ഡി.എഫ് മഹായോഗം; കാപ്പന്റ പാര്‍ട്ടിയെ ഘടകകക്ഷിയായി പ്രഖ്യാപിക്കും

ഐശ്വര്യകേരളയാത്രയ്ക്ക് സമാപനം കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചും നാളെ ശംഖുമുഖം കടപ്പുറത്ത് യു.ഡി.എഫിന്റ മഹായോഗം. രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന യോഗത്തില്‍ മാണി സി കാപ്പന്റ പാര്‍ട്ടിയെ പുതിയ ഘടകകക്ഷിയായി പ്രഖ്യാപിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യോഗം. 

തദ്ദേശ തിരഞ്ഞെടുപ്പ് നല്‍കിയ തിരിച്ചടിയില്‍ നിന്ന് ബഹുദൂരം മുന്നേറാനായെന്ന, ആത്മവിശ്വാസത്തിലാണ് യു.ഡി.എഫും കോണ്‍ഗ്രസും, മാണി സി കാപ്പന്റേയും ജനതാദള് എസിന്റ ഒരു വിഭാഗത്തിന്റ വരവും മുന്നണിയെ ശക്തിപ്പെടുത്തും, ഉമ്മന്‍ചാണ്ടി നേതൃസ്ഥാനം ഏറ്റെടുത്തതും,ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ പുനസംഘടിപ്പിച്ചതും, ഹൈക്കമാന്‍ഡിന്റ മുഴുവന്‍ സമയ നീരീക്ഷണവും കോണ്‍ഗ്രസില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഊര്‍ജത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് യു.ഡി.എഫ് തുടക്കം കുറിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും പരമാവധി ആളുകളെ ശംഖുമുഖം കടപ്പുറത്തെത്തിക്കാനാണ് ശ്രമം. 

മാണി സി കാപ്പന്റ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പ്രകടനമായി സമ്മേളന സ്ഥലത്തേക്ക് എത്തും. ഘടകകക്ഷിയായുള്ള പ്രഖ്യാപനവും യോഗത്തിലുണ്ടാകും. കോഴിക്കോട്ട് നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ഗാന്ധി യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ശംഖുമുഖത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ തിരുവനന്തപുരത്ത് തങ്ങിയശേഷം ബുധനാഴ്ച രാവിലെ കൊല്ലത്തേക്ക് പോകും.