ജഡ്ജിയുടെ കാറിൽ കറുത്ത പെയിന്റ് ഒഴിച്ചയാൾ ഗുജറാത്തിൽ പണ്ട് ഹോട്ടൽ വ്യവസായി

എരുമേലി: ജസ്ന തിരോധാന സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച വെൺകുറിഞ്ഞി ഹരിഭവൻ രഘുനാഥൻ നായർ മുൻപ് ഗുജറാത്തിലെ പ്രമുഖ ഹോട്ടൽ വ്യവസായി. അഹമ്മദബാദിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ കാൾപൂരിൽ ഹോട്ടൽ നടത്തുകയായിരുന്നു രഘുനാഥൻ നായർ. തദ്ദേശവാസികളുമായുണ്ടായ തർക്കത്തെ തുടർന്നു ബിസിനസ് അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങി.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിൽ താമസമാക്കി. ജെസ്നയുടെ നാട്ടിൽ നിന്ന് അധികം അകലെയല്ല രഘുനാഥൻ നായരുടെ വീട്. ജെസ്നയെ പല സ്ഥലത്തും കണ്ടുവെന്ന് ഇദ്ദേഹം പൊലീസിനെ അറിയിച്ചു. ഇക്കാര്യം പൊലീസ് പരിശോധിച്ചിരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. അടുത്തിടെ ഓൺലൈൻ മാധ്യമത്തിൽ ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇക്കാര്യവും പൊലീസ് അന്വേഷിച്ചിരുന്നു. രഘുനാഥൻ നായരെ പരിചയമില്ലെന്നു ജസ്നയുടെ പിതാവ് ജയിംസ് പറയുന്നു.

പരാതികൾ അധികാരികൾ അവഗണിച്ചെന്നു  രഘുനാഥൻ നായർ 

ഹൈക്കോടതി കവാടത്തിനു സമീപം ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ കറുത്ത പെയിന്റ് ഒഴിച്ചു പ്രതിഷേധം. പത്തനംതിട്ടയിൽ പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചാണിത്.

രാവിലെ 9.45ന് ജസ്റ്റിസ് വി.ഷെർസിയുടെ കാർ ഹൈക്കോടതി വളപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുൻപ് പെയിന്റ് ഒഴിച്ച കോട്ടയം എരുമേലി വെൺകുറിഞ്ഞി ഹരിഭവനിൽ ആർ.രഘുനാഥൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. കാണാതായ, കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനി പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള സന്തോഷ്കവല കുന്നത്തു വീട്ടിൽ ജെസ്ന മരിയ ജയിംസിനെ കൊലപ്പെടുത്തിയതാണെന്നും ഇതേപ്പറ്റി നൽകിയ പരാതികൾ അധികാരികൾ അവഗണിച്ചു എന്നും പ്രതി പൊലീസിന‌ു മൊഴി നൽകി.

പ്രതിയെ സെൻട്രൽ ‍സ്റ്റേഷനിലെത്തിച്ച് എസിപി കെ.ലാൽജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പൊതുമുതൽ നശിപ്പിച്ചു, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹൈക്കോടതിക്കു സമീപത്തെ കടയിൽ നിന്നാണ് പ്രതി കറുത്ത പെയിന്റ് വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ജെസ്നയുടെ തിരോധാനം സംബന്ധിച്ചു ഹേബിയസ് കോർപസ് ഉൾപ്പെടെയുള്ള ഹർജികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ കേസുകൾ പരിഗണിച്ചത് ജസ്റ്റിസ് ഷെർസി ആയിരുന്നില്ല.