തൊണ്ടാർ ഡാം പദ്ധതിയുമായി സർക്കാർ; പഠനറിപ്പോർട്ട് ഉടൻ; പ്രതിഷേധം

വയനാട് തൊണ്ടാര്‍ ചെറുകിട ഡാം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. സര്‍വേയ്ക്കായി ജിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ പ്രദേശം സന്ദര്‍ശിച്ചു. സാധ്യത പഠനറിപ്പോര്‍ട്ട് എത്രയും പെട്ടന്ന് കേന്ദ്ര ജലകമ്മീഷന് സമര്‍പ്പിക്കാനാണ് ജലസേചനവിഭാഗത്തിന്റെ ശ്രമം. എന്നാല്‍ ആക്ഷന്‍കമ്മിറ്റിയും പരിസ്ഥിതി പ്രവര്‍ത്തകരും  പദ്ധതിക്കെതിരായ നിലപാട് കടുപ്പിക്കുകയാണ്. ഹെക്ടര്‍ കണക്കിന് സ്ഥലം വെള്ളത്തിലാകുമെന്നാണ് ആശങ്ക. 

എടവക പഞ്ചായത്തിലെ മൂളിത്തോടാണ് നിര്‍ദിഷ്ട തൊണ്ടാര്‍ ജലസേചനപദ്ധതി. സാങ്കേതികപഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഫുള്‍ റിസര്‍വോയര്‍ ലെവല്‍ പഠനം സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം രേഖപ്പെടുത്താനുള്ള ബെഞ്ച് മാര്‍ക്ക് പഠനം എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതിന് ശേഷം സാധ്യതാ പഠനറിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മീഷന് സമര്‍പ്പിക്കും. അനുമതി ലഭിച്ചാല്‍ ഡിപിആര്‍ പരിസ്ഥിതി ആഘാത പഠനം തുടങ്ങിയവയുമായി മുന്നോട്ട് പോകും. ജിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ സംഘം മേഖലയിലെത്തി പരിശോധന നടത്തി. ആയിരത്തി ഒരുന്നൂറ് ഹെക്ടര്‍ സ്ഥലത്ത് ജലസേചനം ലക്ഷ്യമിട്ടുള്ള പദ്ധതി എട്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ജലവിഭവവകുപ്പ് നീക്കം.  ‍ഡാമിന് 0.3 ടിഎംസി ജലം സംഭരിക്കാനുള്ള ശേഷി മാത്രമേയുള്ളു എന്നാണ് അധികൃതര്‍ പറയുന്നു.എന്നാല്‍ ജനങ്ങള്‍ക്ക് ഭീമമായ നഷ്ടം വരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. പദ്ധതിക്കെതിരെ ശക്തമായ സമരം നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം.

പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ട്. വയനാടിന് ഇനിയൊരു ഡാം താങ്ങാനാവില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കാരാപ്പുഴ, ബാണാസുരസാഗര്‍ ഡാം പദ്ധതികള്‍ക്ക് ജില്ലയുടെ ജലസേചന ആവശ്യം നിറവേറ്റാനാകാത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു.