ജലസേചന വകുപ്പിന്റെ പൈപ്പിലൂടെ മലിനജലം; വ്യവസായ മേഖലയിൽ നിന്നെന്ന് പരാതി

എറണാകുളം ഏലൂരില്‍ ജലസേചന വകുപ്പിന്റെ പൈപ്പിലൂടെ പെരിയാറിലേക്ക് മലിനജലപ്രവാഹം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാലിന്യമൊഴുക്ക് കണ്ടെത്തിയത്. ഏലൂര്‍ വ്യവസായ മേഖലയില്‍നിന്ന് അനധികൃതമായി പൈപ്പിലേക്ക് മാലിന്യം കലര്‍ത്തിയതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

പാതാളം ബണ്ടിന് മുകളിലായി പെരിയാറിലേക്ക് ഈ മാലിന്യം കുത്തിയൊഴിച്ചെത്തുന്നത് ഓടയില്‍നിന്നല്ല. ഏലൂര്‍ വ്യവസായ മേഖലയുെട പിന്നിലുള്ള എടയാറ്റുചാല്‍ പാടത്തുനിന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കാന്‍ ജലസേചന വകുപ്പിട്ടിരിക്കുന്ന വലിയ പൈപ്പിലൂടെയാണ്. ജലസേചന വകുപ്പ് എന്‍ജിനീയറും, ഉദ്യോഗസ്ഥരും ചേര്‍ന്ന് ബണ്ടിന്റെ തീരത്തെ കാട് വൃത്തിയാക്കുന്നതിനിടെയാണ് കടുത്ത നിറത്തില്‍ വെള്ളം കുത്തിയൊഴുകുന്നത് കണ്ടത്. പാടത്ത് വെള്ളമില്ലാത്ത സമയത്തും ഇത്രയധികം വെള്ളം പൈപ്പിലൂടെ എത്തിയത് സംശയമുണര്‍ത്തി. തുടര്‍ന്ന് വ്യവസായ മേഖലയ്്ക്കുള്ളില്‍ ജംക്‌ഷന്‍ ബോക്സ് വരുന്ന ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണുനീക്കിയും പരിശോധന നടത്തി.

ജലസേചന വകുപ്പില്‍നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി സാംപിള്‍ ശേഖരിച്ചു. ഏലൂര്‍ വ്യവസായ മേഖലയില്‍നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്നത് പതിവാണെങ്കിലും നടപടിയുണ്ടാകാറില്ല.