പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിചേര്‍ത്തതിനെതിരെ കെ.കെ. സുരേന്ദ്രന്‍

2003 ലെ മുത്തങ്ങ വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ ആദിവാസി പ്രക്ഷോഭത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ അന്യായമായി തന്നെ പ്രതിചേര്‍ത്തതില്‍ രൂക്ഷ പ്രതികരണവുമായി കെ.കെ. സുരേന്ദ്രന്‍. ബത്തേരി ഡയറ്റ് മുൻ അധ്യാപകനായ സുരേന്ദ്രന് പൊലീസ് പീഡനത്തിന് പകരമായി അഞ്ചുലക്ഷം രൂപ അനുവദിക്കാന്‍ കോടതി കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. സമാനസാഹചര്യങ്ങളില്‍ ജയിലിലടക്കപ്പെട്ട നിരപരാധികൾക്കുള്ള പ്രതീക്ഷ കൂടിയാണ് കോടതി ഇടപെടലെന്ന് സുരേന്ദ്രൻ. 

തലചായ്ക്കാനൊരു തുണ്ട് ഭൂമിക്ക് വേണ്ടി ആദിവാസി വിഭാഗക്കാർ രാജ്യത്ത് ആദ്യമായി സംഘടിച്ച സമരമായിരുന്നു മുത്തങ്ങയിലേത്. 2003 ഫെബ്രുവരി 19 ന് സികെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തില്‍ വനഭൂമി കയ്യേറി നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ലാത്തിച്ചാര്‍ജും വെടിവയ്പും. സമരക്കാരില്‍പെട്ട ജോഗി കൊല്ലപ്പെട്ടു. സംഘർഷത്തിനിടെ വെട്ടേറ്റ പൊലീസുകാരൻ മരിച്ച കേസിലാണ് ബത്തേരി ഡയറ്റ് അധ്യാപകനായിരുന്ന കെ.കെ സുരേന്ദ്രനെ അറസ്റ്റുചെയ്തത്. ഗൂഡാലോചന കൊലപാതകകുറ്റങ്ങൾ ചുമത്തിയ പൊലീസ് സ്റ്റാഫ് റൂമിൽ നിന്നാണ് വലിച്ചിറക്കി കൊണ്ടുപോയത്. പിന്നീടുള്ള ദിവസങ്ങൾ ഓർക്കാൻ വയ്യെന്ന് സുരേന്ദ്രൻ. കർണപുടം അടിച്ചു പൊട്ടിച്ചു. ഹൈക്കോടതി ഇടപെട്ടാണ് ചികിത്സ ലഭ്യമാക്കിയത്. ഇപ്പോഴും കേൾവി തിരിച്ചു കിട്ടിയിട്ടില്ല. മറ്റ് അവശതകളും തുടരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തപ്പോൾ സുരേന്ദ്രന് പങ്കില്ലെന്ന് തെളിഞ്ഞു. നീണ്ടകാലത്തെ പോരാട്ടത്തിനൊടുവിലാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. 

 ആദിവാസികൾ പ്രതിസ്ഥാനത്തുള്ള കേസുകളുടെ വിചാരണ ഇപ്പോഴും തുടരുകയാണ്.