കാട്ടൂരിൽ ആധുനിക പുലിമുട്ട് ഒരുങ്ങുന്നു; 40 കോടിയുടെ പദ്ധതി

കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ ആലപ്പുഴ കാട്ടൂരില്‍ ആധുനിക പുലിമുട്ട് ഒരുങ്ങുന്നു. ഓമനപ്പുഴ മുതല്‍ മൂന്നു കിലോമീറ്ററിലധികം നീളത്തിലാണ് മുപ്പത് പുലിമുട്ടുകളടെ നിര്‍മാണം. കിഫ്ബി സഹായത്തോടെയാണ് നാല്‍പത് കോടിയുടെ പദ്ധതി

കരിങ്കല്ലുകള്‍ക്ക് പകരം കോണ്‍ക്രീറ്റില്‍ തീര്‍ത്ത രണ്ട് ടണ്ണിന്റെയും അഞ്ച് ടണ്ണിന്റെയും ടെട്രാപോഡുകളാണ് നിര്‍മ്മിക്കുന്നത്. 100 മീറ്റര്‍ അകലത്തില്‍ 3.16 കിലോമീറ്റര്‍ നീളത്തിലാണ് ഇവ സ്ഥാപിക്കുക. കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബ് ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് ഉണ്ടാവുക. രണ്ട് ടണ്ണിന്റെ ഇരുപത്തി മൂവായിരവും അഞ്ച് ടണ്ണിന്റെ നാലായിരവും ടെട്രാപോഡുകളാണ് സ്ഥാപിക്കുന്നത്. പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ നൂറ്റി അറുപതോളം കുടുംബങ്ങള്‍ക്കാണ് കടലേറ്റത്തില്‍നിന്ന് രക്ഷയുണ്ടാവുക

മുന്‍വര്‍ഷങ്ങളില്‍ വലിയ തരത്തില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശമാണിത്. കാട്ടുരിന്റെ തീരമേഖലയില്‍ 34 പുലിമുട്ടുകള്‍ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതല്‍ മണല്‍ അടിഞ്ഞ് കുറെക്കൂടെ വിശാലമായ ബീച്ച് ഉണ്ടാക്കാനും സാധിച്ചേക്കും. കൂടാതെ മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും വിപണനം നടത്താനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും.