അതിരൂപതയ്ക്കെതിരായ വ്യാജപട്ടയ പരാതി; കേസെടുക്കണമെന്ന് പൊലിസ്

എറണാകുളം അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലെ ഭൂമി വ്യാജപട്ടയം നിര്‍മിച്ച് വിറ്റെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലിസ്. തൃക്കാക്കരയിലെ 73 സെന്‍റ് ഭൂമിയുടെ വില്‍പനയിലാണ് വ്യാജപട്ടയം നിര്‍മിച്ചെന്ന പരാതി ഉയര്‍ന്നത്. 

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കൈമാറ്റത്തിന് വ്യാജപട്ടയം നിര്‍മിച്ചെന്ന ആരോപണത്തില്‍ കഴമ്പുള്ളതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ഏഴ് ആധാരങ്ങളിലായാണ് ഭൂമിയുടെ വില്‍പന നടത്തിയത്. വില്‍പന നടത്തിയ 392/1975 നമ്പര്‍ പട്ടയം കുമ്പളം വില്ലേജില്‍ പെട്ട വ്യക്തിയുടെ പേരിലാണെന്നാണ് റവന്യൂരേഖകളില്‍ പറയുന്നത്. എന്നാല്‍ ഭൂമിമ ഇടപാടിന് ഉപയോഗിച്ച സമാന നമ്പറുള്ള പട്ടയത്തില്‍ പറയുന്നത് 1976ല്‍ എറണാകുളം ലാന്‍ഡ് ട്രൈബ്യൂണല്‍ എറണാകുളം അങ്കമാലി അതീരൂപത മെത്രാപ്പൊലീത്ത ജോസഫ് പാറേക്കാട്ടിലിന് കൈമാറിയെന്നാണ്.

എന്നാല്‍ 1976ല്‍ അതിരൂപതയുടെ പേര് എറണാകുളം അതിരൂപത എന്നു മാത്രമായിരുന്നുവെന്നും 1992ലാണ് എറണാകുളം അങ്കമാലി അതിരൂപത എന്ന പേര് സ്വീകരിച്ചതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് പട്ടയത്തിന്‍റെ സാധുതയെ കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.