3 സെന്റിൽ താമസം; കൂലിപ്പണി, കടം, ഹൃദ്രോഗിയായ അമ്മ; അടിച്ചത് ഒരു കോടി

കേരള ലോട്ടറി നറുക്കെടുപ്പിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നെന്മാറ സ്വദേശിക്ക്. കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകൻ മണിയാണ് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാൻ. നെന്മാറ എൻഎംകെ സൂപ്പർ ഏജൻസീസ് ലോട്ടറിക്കടയിൽ നിന്നു ചെറുകിട വിൽപനക്കാരൻ പട്ടുകാട് സ്വദേശി രാമകൃഷ്ണൻ വിറ്റ ബിഎം 429076 എന്ന ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഫലം മണി പരിശോധിച്ചത് ഇന്നലെയായിരുന്നു.

സർക്കാർ നൽകിയ 3 സെന്റിലെ വീട്ടിൽ കഴിയുന്ന മണിയുടെ ഉപജീവനമാർഗം പുല്ലുവെട്ടും കൂലിപ്പണിയുമാണ്. ഹൃദ്രോഗിയായ അമ്മ കല്യാണിയുടെ ചികിത്സാച്ചെലവുകൾക്കും ബാങ്കിലും മറ്റുമുള്ള കടബാധ്യത തീർക്കാനും വഴിയില്ലാതെ ദുരിതത്തിൽ കഴിയുന്നതിനിടെയാണു ഭാഗ്യം മണിയെ തേടിയെത്തിയത്.

പൗർണമി ലോട്ടറി നിർത്തലാക്കി പകരം എല്ലാമാസവും ആദ്യ ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യമിത്രയുടെ രണ്ടാമതു നറുക്കെടുപ്പിലായിരുന്നു സമ്മാനം. പത്രത്തിൽ നിന്നാണു ഫലമറിഞ്ഞത്. പിന്നീട് അയിലൂർ സഹകരണ ബാങ്കിൽ ടിക്കറ്റ് ഏൽപിച്ചു. മിക്ക ദിവസങ്ങളിലും ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള മണി 100 രൂപയുടെ ഭാഗ്യമിത്രയ്ക്കൊപ്പം 40 രൂപയുടെ മറ്റൊരു ടിക്കറ്റും വാങ്ങിയിരുന്നു.

പരമാവധി 5000 രൂപ വരെ മുൻപു സമ്മാനമടിച്ചിട്ടുണ്ട്. സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണു മണിയുടെ ഭാര്യ രാജാമണിയും മക്കളായ ഷീജയും രഞ്ജിത്തും. അമ്മയുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനുമായിരിക്കും മുൻഗണന എന്നു മണി പറഞ്ഞു. കഴിഞ്ഞ മാസം 22ന് നെന്മാറ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസി വഴി വിറ്റ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് നെന്മാറ ചാത്തമംഗലം സ്വദേശിക്കായിരുന്നു.