പോസ്റ്ററില്ല, കട്ടൗട്ടില്ല; വീട് കയറി വോട്ടു ചോദിച്ചു; അമ്പരപ്പിക്കും ജയം; ‘സഖാവ്’

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വാരിയെറിഞ്ഞില്ല. വമ്പൻ കട്ടൗട്ടുകളോ പോസ്റ്ററുകളോ ഉപയോഗിക്കാതെ വീടുകൾ കയറിയിറങ്ങി വോട്ട് തേടി. ഒടുവിൽ ഫലം വന്നപ്പോൾ ആരെയും അമ്പരപ്പിക്കുന്ന വിജയം. സമൂഹമാധ്യമങ്ങളിൽ താരമാവുകയാണ് പത്തനംതിട്ടയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ  ബാബു ജോൺ. പോള്‍ ചെയ്ത 966ല്‍ 705 വോട്ടും നേടിയാണ് ബാബു ജോണ്‍ വിജയം സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർഥി ജോസഫിന് 139 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

സുഹൃത്തുക്കള്‍ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റര്‍ അല്ലാതെ മറ്റൊന്നും ബാബു ജോണിനില്ലായിരുന്നു. ഗ്രന്ഥകാരന്‍, ഗവേഷകന്‍, ചരിത്രകാരന്‍, നടന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ് ബാബു ജോണ്‍. എംജി സർവകലാശാലയിൽ നിന്ന് സെക്‌ഷൻ ഓഫിസറായി വിരമിച്ചതിനു ശേഷം പരിസ്ഥിതി പ്രവർത്തനത്തിനു വേണ്ടിയാണ് കൂടുതൽ സമയവും ഇദ്ദേഹം ചെലവഴിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജില്ലാ ഭാരവാഹി കൂടിയായ ഇദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു.