കടലുണ്ടിക്കടവ് പാലം നവീകരിച്ചാലും അപകടഭീഷണി മാറില്ലെന്ന് നാട്ടുകാര്‍

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലം നവീകരിച്ചാലും അപകടഭീഷണി മാറില്ലെന്ന് നാട്ടുകാര്‍. അഴിമുഖത്ത് പുലിമുട്ട് നിര്‍മിക്കാതെ പാലം സംരക്ഷിക്കാനാവില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

പുറമെ നോക്കിയാല്‍ ഒരു പ്രശ്നവുമില്ല. പെയിന്റടിച്ച് പുതുമോടിയില്‍നില്‍ക്കുന്ന പാലം. താഴെയിറങ്ങി മുകളിലോട്ട് നോക്കിയാല്‍ കാണാം ഒളിഞ്ഞിരിക്കുന്ന അപകടം. പന്ത്രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള പാലമാണ് ഇതുപോലെ തകര്‍ന്നിരിക്കുന്നത്. കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്നിടത്താണ് പാലത്തിന്റെ സ്ഥാനം. ശ്കതമായ തിരമാലകളും ഉപ്പുകാറ്റുമാണ് തകര്‍ച്ചയ്ക്ക് കാരണം. പുലിമുട്ട് നിര്‍മിച്ചാല്‍ പാലത്തിന്റെ തൂണുകളില്‍ തിരമാല ശക്തമായി വന്നടിക്കുന്നത് ഒഴിവാക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. 

ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ ചെന്നൈ ഐഐടി സംഘം പാലത്തിന്റെ സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. തടുര്‍ന്നായിരിക്കും പൊതുമരാമത്ത് വകുപ്പ് പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തുക.