ഡിവിഷന്‍ തിരിച്ചു പിടിക്കാന്‍ യുഡിഎഫും; കടുത്ത മല്‍സരം നേരിടാൻ വൈറ്റില ജനത

കൊച്ചി കോര്‍പറേഷനില്‍ ഇത്തവണ കടുത്ത മല്‍സരം നടക്കുന്ന ഡിവിഷനാണ് വൈറ്റില ജനത. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച വൈറ്റില ജനത, ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഡിവിഷന്‍ തിരിച്ചു പിടിക്കാന്‍ യുഡിഎഫും നിലനിര്‍ത്താന്‍ എല്‍ഡിഎഫും കടുത്ത പോരാട്ടത്തിലാണ്.

യുഡിഎഫിന്‍റെ സുരക്ഷിത ഡിവിഷനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ വൈറ്റില ജനത. 2015ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം പ്രേമചന്ദ്രന്‍ ഇവിടെ ജയിച്ചത് വെറും 19 വോട്ടിന്. 2019ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത് എല്‍ഡിഎഫ് സ്വതന്ത്രന്‍. എന്തുവില കൊടുത്തും മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സോണി ജോസഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പൊതുസ്വതന്ത്ര തന്ത്രമാണ് എല്‍ഡിഎഫ് ഇത്തവണയും ആവര്‍ത്തിക്കുന്നത്. കാര്‍ ചിഹ്നത്തിലാണ് ഇടതു സ്ഥാനാര്‍ഥി ലിമ ജോര്‍ജ് വോട്ട് തേടുന്നത്. വികസന തുടര്‍ച്ചയ്ക്കായാണ് ഇടതുമുന്നണിയുടെ പ്രചാരണം. 

മുന്‍ കൗണ്‍സിലര്‍ രത്നമ്മ രാജു വിമതയായി മല്‍സരിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഡിവിഷനില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മറിക്കാന്‍ അപരസ്ഥാനാര്‍ഥിയും രംഗത്തുണ്ട്. വി ഫോര്‍ കൊച്ചി പിടിക്കുന്ന വോട്ടുകളും ഇവിടെ ഏറെ നിര്‍ണായകമാകും