ബസുകള്‍ തമ്മില്‍ മല്‍സരയോട്ടം; ജീവന്‍ പന്താടി റോഡില്‍ ‘ഇടിപ്പിച്ചുകളി’

ബസുകളുടെ മത്സര ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൽ സ്വകാര്യ ബസ് ഇടിച്ചു. ഇന്നലെ പത്തരയോടെ  പഞ്ചായത്ത് ഓഫിസിനു സമീപം പ്ലാന്റേഷൻ കവല ബസ് സ്റ്റോപ്പിലാണ് സംഭവം. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ പത്തരയ്ക്ക് വണ്ണപ്പുറത്ത് എത്തേണ്ട കെഎസ്ആർടിസി ബസ് സമയം പാലിച്ചാണ് സർവീസ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ സ്വകാര്യ ബസ് സമയക്രമം പാലിക്കാതെ നേരത്തേ എത്തുകയും ബ്ലാത്തിക്കവലയിൽ വച്ച് കെഎസ്ആർടിസിയെ ഓവർടേക്ക് ചെയ്യുകയും ആയിരുന്നെന്ന് പറയുന്നു.

തുടർന്ന് പിന്നിലായിരുന്ന കെഎസ്ആർടിസി വണ്ണപ്പുറത്തു നിർത്തിയ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്ത് പ്ലാന്റേഷൻ കവലയിലെ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ പിന്നാലെ വന്ന സ്വകാര്യ ബസ്  മനഃപൂർവം കെഎസ്ആർടിസി യിൽ ഇടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. വണ്ണപ്പുറം ടൗണിൽ വച്ച് സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ തട്ടിയതായും പരാതിയുണ്ട്.  മുരിക്കാശേരി വരെ സർവീസ് നടത്തേണ്ട സ്വകാര്യ ബസ് ചേലച്ചുവട്ടിൽ സർവീസ് അവസാനിപ്പിക്കുന്നതു പതിവാണെന്നും ആക്ഷേപമുണ്ട്. കൊടും വളവും ഇറക്കവുമുള്ള വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ മത്സരയോട്ടം നടത്തുന്നത് പതിവാണെന്ന്  യാത്രക്കാർ പറഞ്ഞു. അപകടത്തിൽപെട്ട രണ്ടു ബസുകളും കാളിയാർ പൊലീസ് എത്തി സ്റ്റേഷനിലേക്കു മാറ്റി.