നാനൂറ് വര്‍ഷത്തിലേറെ പഴക്കം; പെരിങ്ങാടി തറവാട് പൊളിച്ചുമാറ്റും: തലയെടുപ്പ് ഇനി ഓർമ്മ

നാനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കെട്ടിടം കൂടി ഓര്‍മ്മയാകുന്നു. വടകര താഴെ അങ്ങാടിയിലെ പെരിങ്ങാടി തറവാടാണ്  വിസ്മൃതിയില്‍ അലിയാന്‍ പോകുന്നത്. നിലനിര്‍ത്തിപോകാനുള്ള പ്രയാസം കൊണ്ടാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ അവകാശികള്‍ തീരുമാനിച്ചത്. 

ഒരു കാലത്ത് വടകര താഴെ അങ്ങാടിയുടെ മുഖമായിരുന്നു ഇത്. പെരിങ്ങാടി തറവാട്. 75 സെന്‍റില്‍ നിറഞ്ഞുനില്‍ക്കുന്ന നാനൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന് കാര്യമായ ബലക്ഷയമൊന്നും വന്നിട്ടില്ല. എങ്കിലും അറ്റകുറ്റപണിയെടുത്ത് കെട്ടിടം നിലനിര്‍ത്തികൊണ്ടുപോകാന്‍ ആരുമില്ലാത്തതിനാല്‍ പൊളിക്കുകയാണ്. പാതി പൊളിച്ചിട്ട ഈ നടുമുറ്റത്തിന് ചുറ്റും 28 മുറികളുണ്ട്. വലിയ ഹാള്‍. എങ്ങും കൊത്തുപണികള്‍. വീടിനോട് ചേര്‍ന്ന് കുളം. അവകാശികളായി 135 പേര്‍. കൂട്ടുകുടുംബമായി കഴിഞ്ഞവരെല്ലാം ചിതറിപ്പോയി. പലരും പലയിടത്താണ് ഇപ്പോള്‍. അങ്ങനെയാണ് തറവാട് വീട് ഇല്ലാതാകുന്നത്. 

ചരിത്ര പ്രാധാന്യമുള്ള പെരിങ്ങാടി തറവാട് പൊളിച്ചുനീക്കിയതില്‍ നാട്ടുകാര്‍ക്കും പ്രയാസമുണ്ട്.