മത്സ്യഫെഡിന്റെ ഫ്രഷ് ഫിഷ് മാര്‍ട്ടുകള്‍ കോട്ടയത്തും; മുഴുവന്‍ നിയോജക മണ്ഡലങ്ങളും ലക്ഷ്യം

സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ മത്സ്യഫെഡിന്റെ ഫ്രഷ് ഫിഷ് മാര്‍ട്ടുകള്‍ കോട്ടയം ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചു. കുറിച്ചിയിലും കുടമാളൂരിലുമാണ് ഫിഷ് മാര്‍ട്ടുകള്‍ തുറന്നത്. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തില്‍ വില്‍പ്പനശാലകള്‍ ആരംഭിക്കുകയാണ് മത്സ്യഫെഡിന്‍റെ ലക്ഷ്യം.

സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ ഫ്രഷ് ഫിഷ് മാര്‍ട്ടുകള്‍ മത്സ്യമെഡ് ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ ആദ്യ വില്‍പനശാല കുറിച്ചി മന്ദിരം കവലയില്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കുടമാളൂരിലാണ് ജില്ലയിലെ രണ്ടാമത്തെ ഫിഷ്മാര്‍ട്ട്. ഫിഷ് മാര്‍ട്ടുകളില്‍ മത്സ്യം എത്തിച്ചു നല്‍കുന്നത് മത്സ്യഫെഡാണെങ്കിലും ജീവനക്കാരെ നിയോഗിക്കുന്നതും വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതും സഹകരണ ബാങ്കുകളാണ്.  സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഫ്രഷ് ഫിഷ് മാര്‍ട്ടുകള്‍ തുറക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്ന് മത്സ്യഫെഡ് നേരിട്ട് സംഭരിക്കുന്ന മത്സ്യമാണ് സ്റ്റാളുകളില്‍ വില്‍പനയ്ക്കെത്തുക.   ഗുണമേന്മാ പരിശോധനയുള്‍പ്പെടെ പൂര്‍ത്തിയാക്കി മത്സ്യങ്ങള്‍ വിഷരഹിതമെന്ന് ഉറപ്പുവരുത്തും. ഇതുവഴി മത്സ്യ തൊഴിലാളികള്‍ക്ക് ന്യായവിലയും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യവും ലഭ്യമാക്കാനാകും. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കുന്ന മത്സ്യ വില്‍പ്പന ശാലകളില്‍ മത്സ്യങ്ങളില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും ലഭ്യമാകും.