ഫാഷൻ ഗോൾഡ്; ആസ്തി വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റു; കണ്ടുകെട്ടാൻ നീക്കം

കാസര്‍കോട്ട് നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡിന്റെ ഉടമസ്ഥതയിൽ  ഉണ്ടായിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ജ്വല്ലറി ഉടമകൾ വിറ്റു. ആകെയുണ്ടായിരുന്ന 11 വാഹനങ്ങളിൽ ഒൻപതെണ്ണമാണ് മറിച്ചു വിറ്റത്. ഈ വാഹനങ്ങൾ കണ്ടുകെട്ടാൻ അന്വേഷണസംഘം നീക്കം തുടങ്ങി. 

മഞ്ചേശ്വരം എം.എൽ.എ. എം.സി.കമറുദീൻ ചെയർമാനായ ഫാഷൻ ഗോൾഡിന്റെ  ആസ്തികളായ വാഹനങ്ങളാണ് മറിച്ചുവിറ്റത്. ജ്വല്ലറിയുടെ പേരിൽ കാഞ്ഞങ്ങാട് ആർ.ടി.ഒയിൽ 11 വാഹനങ്ങളാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒൻപത് വാഹനങ്ങളാണ് വിറ്റതായി എസ്.ഐ.ടി.  കണ്ടെത്തിയത്. രണ്ടു 

വാഹനങ്ങൾ മറ്റൊരാൾക്ക് കൈമാറി എന്നാണ് സൂചന. ജ്വല്ലറി മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ,  മകൻ ഹിഷാം, ഒരു ഡയറക്ടർ, ജ്വല്ലറി  മാനേജർ എന്നിവരുടെ   പേരിലായിരുന്നു വാഹനങ്ങൾ ഉണ്ടായിരുന്നത്. ക്രിമിനൽ നടപടി നിയമം 102 പ്രകാരം ഈ വാഹനങ്ങൾ അന്വേഷണസംഘത്തിന് കണ്ടുകെട്ടാം. ഈ നിയമം  അനുസരിച്ചു 11  വാഹനങ്ങളും കണ്ടുകെട്ടുവാൻ പ്രത്യേക അന്വേഷണസംഘം നടപടി ആരംഭിച്ചു. അതിന്റെ ആദ്യപടിയെന്നോണം കാഞ്ഞങ്ങാട് ആർ.ടി.ഒ. ഓഫിസിൽ വാഹനങ്ങളുടെ വിവരങ്ങൾ തേടി നോട്ടിസ് നൽകി.