'മുന്നണികളുമായി ബന്ധമുണ്ടാകില്ല'; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ദേവൻ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തൃശൂരില്‍ മല്‍സരിക്കുമെന്ന് നടന്‍ ദേവന്‍ . മൂന്നു മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്നും ദേവന്‍ ചാലക്കുടിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്വന്തം നാട്ടില്‍തന്നെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് നടന്‍ ദേവന്റെ തീരുമാനം. 2004ല്‍ രൂപംകൊടുത്ത കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പേര് മാറ്റി. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്നാണ് പുതിയ പേര്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തൃശൂരില്‍ ഇനിമുതല്‍ സജീവമാകും. കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങിയത്. പിന്നെ, സിനിമയില്‍ സജീവമായപ്പോഴും രാഷ്ട്രീയം മനസില്‍ നിന്ന് വിട്ടിരുന്നില്ല. അങ്ങനെയാണ്, 2004ല്‍ പാര്‍ട്ടി രൂപികരിച്ച് രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയത്. അഴിമതി ഇല്ലാത്ത രാഷ്ട്രീയ നേതാക്കളുടെ നിര രൂപപ്പെടുത്താനാണ് നീക്കം. സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരെ ആരേയും കൂടെക്കൂട്ടുന്നില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി എം.പി. തൃശൂരില്‍ നിന്ന് മല്‍സരിച്ച് റെക്കോര്‍ഡ് വോട്ട് പെട്ടിയിലാക്കിയിരുന്നു. മാത്രവുമല്ല, തൃശൂര്‍ നിയസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയായിരുന്നു രണ്ടാം സ്ഥാനത്ത്. തൃശൂരിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ച് വേഗംതന്നെ മല്‍സരത്തിനു മുന്നോടിയായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.