നടൻ സിദ്ദിഖിന്റെ വീട്ടിൽ മതിൽച്ചാടി എത്തി ‘വിരുന്നുകാരൻ’; വട്ടം കറങ്ങി വനപാലകർ

നടൻ സിദ്ദിഖിന്റെ വീട്ടിൽ ‘വിരുന്നെത്തിയ’ ഉടുമ്പ് വനം വകുപ്പ് ജീവനക്കാരെ വട്ടം കറക്കി. ഉടുമ്പിനെ വലയിലാക്കാനുള്ള ശ്രമം വിഫലമായി. ജീവനക്കാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടിയ ഉടുമ്പു പുരയിടത്തിന്റെ ചുറ്റുമതിൽ ചാടി സമീപ പ്ലോട്ടിലെ കുറ്റിക്കാട്ടിലേക്കു മറഞ്ഞു. തിരച്ചിൽ വിഫലമായതോടെ വനം വകുപ്പ് ജീവനക്കാർ വെറും കയ്യോടെ മടങ്ങി.

തിങ്കളാഴ്ച രാവിലെ 11നാണ് സിദ്ദിഖിന്റെ പാലച്ചുവട്ടിലെ പുരയിടത്തിൽ ഉടുമ്പു പ്രത്യക്ഷപ്പെട്ടത്. വളർത്തു നായയുടെ കുര കേട്ടു ഇറങ്ങി വന്ന ഡ്രൈവർ ബിജുലാലാണ് പൂന്തോട്ടത്തിൽ ഉടുമ്പിനെ കണ്ടത്. കോടനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് സിദ്ദിഖ് വിളിച്ചതിനെ തുടർന്നു വൈൽഡ് ലൈഫ് റസ്ക്യു ടീം എത്തി. ഫോറസ്റ്റ് ബീറ്റ് ഓഫിസർ അൽനി സി.അലിയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ വലയും മറ്റും ഒരുക്കി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണു ഉടുമ്പു കാട്ടിലേക്ക് ഓടി മറഞ്ഞത്.