നിലപാട് മാറ്റി വനംവകുപ്പ്; ‌‌ആദിവാസി കുടുംബങ്ങള്‍ക്ക് ആശ്വാസം; ഇംപാക്ട്

കഴിഞ്ഞ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായ മലപ്പുറം നിലമ്പൂര്‍ മുണ്ടേരി വനത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കില്ലെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മനോരമ ന്യൂസിനോട്. ശുചിമുറി നിര്‍മാണത്തിനും  ഭൂമി കൈമാറാനും വനംവകുപ്പ് മുന്‍കയ്യെടുക്കും. മനോരമ ന്യൂസ് ക്യാംപയിനു പിന്നാലെയാണ് വനംവകുപ്പിന്റെ നിലപാടുമാറ്റം.

പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടി വനത്തിനുളളില്‍ കഴിയുന്ന 63 ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടനുവദിച്ച് നിര്‍മാണം ആരംഭിച്ചപ്പോഴാണ് വനം ഉദ്യോഗസ്ഥര്‍ തടസവാദവുമായെത്തിയത്. വാണിയംപുഴ, തരിപ്പപ്പൊട്ടി കോളനിക്കാര്‍ക്ക് ടാങ്ക് നിര്‍മിച്ച് പൈപ്പുകളില്‍ വീടുകളില്‍ വെളളമെത്തിക്കുന്ന പദ്ധതിയെ ഇനി തടയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

വനസംരക്ഷണ സമിതികള്‍ വഴി കുറച്ചു ശുചിമുറികള്‍ നിര്‍മിക്കാനാകും. ഗ്രാമസഭ തിരഞ്ഞെടുക്കുന്ന വനാവകാശ കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചാലുടന്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി കൈമാറുന്നതിന്  വേണ്ടതെല്ലാം ചെയ്യാമെന്നാണ് വനംഉദ്യോഗസ്ഥരുടെ വാഗ്ദാനം. അനാവശ്യമായ കടമ്പകളും തടസങ്ങളുമില്ലെങ്കില്‍ നിലവില്‍ തടയപ്പെട്ട നിര്‍മാണങ്ങള്‍ ഉടന്‍ പുനരാരംഭിക്കാനാകും.