അച്ഛനും അമ്മയും പോയി; പാതി തീർത്ത വീട്; നൊമ്പരമായി കുരുന്നുകൾ

മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങൾ നാടിന്റെ നൊമ്പരമാകുന്നു. കൈനകരി പഞ്ചായത്ത് 10–ാം വാർഡ് പാടകശേരി വീട്ടിൽ രാജുമോന്റെയും (കുഞ്ഞുമണി) മായയുടെയും മരണത്തോടെയാണ് മക്കളായ അശ്വിൻരാജിന്റെയും അദ്വൈ‌ത്‌ രാജിന്റെയും ജീവിതം പ്രതിസന്ധിയിലാണ്.2 വർഷം മുൻപു മഞ്ഞപ്പിത്തം ബാധിച്ചാണ് രാജുമോൻ മരിച്ചത്.

മക്കളെ പോറ്റാൻ പാടത്തും പറമ്പിലും പണിയെടുത്തിരുന്ന മായ കഴിഞ്ഞ 13ന് എലിപ്പനി ബാധിച്ചു മരിച്ചു. പണിപൂർത്തിയാകാത്ത വീട്ടിലാണ് മായ കുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്നത്.  കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിൽ 8–ാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ, ചമ്പക്കുളം ബികെഎം പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്. മായയുടെ അമ്മയുടെ സംരക്ഷണയിലാണ് കുട്ടികളിപ്പോൾ. വീട് പൂർത്തിയാക്കലും ഇരുവരുടെയും പഠനച്ചെലവുകളും പ്രതിസന്ധിയിലാണ്.