എട്ട് മാസം, നടപടിയില്ല; അംഗന്‍വാടിക്ക് സമീപം മാലിന്യക്കൂമ്പാരം

ആരോഗ്യ ഉപകേന്ദ്രത്തിനും അംഗന്‍വാടിക്കും സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കാന്‍ എട്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് നിരവധി കുടുംബങ്ങള്‍ക്ക് ദുരിതമായ മാലിന്യക്കൂമ്പാരം. മഴക്കാലത്ത് സമീപ കിണറുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും പതിവായിട്ടുണ്ട്. 

പെരുവയല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് ഈ ദുരിതം. വീടൊന്നിന് മാസം തോറും മുപ്പത് രൂപ നിരക്കില്‍ ശേഖരിച്ച മാലിന്യമാണ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്. ഗര്‍ഭിണികളുള്‍പ്പെടെ കുത്തിവയ്പിനും പരിശോധനയ്ക്കുമെത്തുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് മുന്നില്‍. അംഗന്‍വാടി പ്രവര്‍ത്തിക്കാത്തതിനാല്‍ അത്രയെങ്കിലും ആശ്വാസം. രാപകല്‍ വ്യത്യാസമില്ലാതെ നായ്ക്കളുടെ ശല്യം. ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാന്‍ കഴിയാത്ത സ്ഥിതി. കൊതുക് മല്‍സരിച്ച് രോഗം പരത്തുന്നു. പരിഹാരം തേടുന്ന നാട്ടുകാരോട് ഉടന്‍ നീക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ മറുപടി. 

മാലിന്യം നീക്കുന്നതിന് കരാര്‍ നല്‍കിയിരുന്നവര്‍ പുളിയോളിമീത്തലിലെ കാര്യം അവഗണിച്ചുവെന്നാണ് വിവരം. സംഭരണം നിര്‍ത്തിയതായും ഇവര്‍ പറയുന്നു. മാലിന്യ നീക്കം ൈവകിയാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുന്നതിനാണ് തീരുമാനം.